ആലുവ: സ്വകാര്യ ബസിടിച്ച് പൊതുപ്രവർത്തക ദാരുണമായി മരിച്ചതിനെ തുടർന്ന് ആലുവ സ്വകാര്യ ബസ് സ്റ്റാൻഡിൽ ഡി.വൈ.എഫ്.ഐയുടെയും യൂത്ത് കോൺഗ്രസിന്റെയും പ്രതിഷേധം. മണിക്കൂറുകൾ കഴിഞ്ഞിട്ടും നടപടിയെടുക്കാത്തതിനെ തുടർന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകർ സ്വന്തം നിലയിൽ കോൺക്രീറ്റ് ഗർഡർ സ്ഥാപിച്ച് സ്വകാര്യ ബസ് സ്റ്റാൻഡിന് പിന്നിൽ നിന്നുള്ള പ്രവേശനകവാടം അടച്ചു.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ഡി.വൈ.എഫ്.ഐ പ്രതിഷേധവുമായെത്തിയത്. ഈ സമയത്തും സ്വകാര്യ ബസുകൾ നിയമം ലംഘിച്ച് മാർക്കറ്റിന് എതിർവശത്തെ സമാന്തരറോഡ് വഴി സ്റ്റാൻഡിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചത് കൂടുതൽ എതിർപ്പിനിടയാക്കി. സ്റ്റാൻഡിന് പിന്നിലെ പ്രവേശനകവാടം അടക്കാൻ മൂന്നുമാസം മുമ്പ് കൗൺസിൽ തീരുമാനിച്ചിട്ടും നഗരസഭയും പൊലീസും ചേർന്ന് നടപ്പാക്കാൻ ശ്രമിക്കുന്നില്ലെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. ഡി.വൈ.എഫ്.ഐ പ്രതിഷേധത്തെ തുടർന്ന് നഗരസഭ സെക്രട്ടറി വഴിയടക്കാൻ നടപടിയെടുത്തെങ്കിലും വൈകിട്ട് യൂത്ത് കോൺഗ്രസ് സമരം നടത്തിയശേഷം നടപടി മതിയെന്ന് പറഞ്ഞ് നഗരസഭ ചെയർപേഴ്സൺ വൈകിപ്പിച്ചതായി പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ ആരോപിച്ചു. ഇതേത്തുടർന്നാണ് പുളിഞ്ചോട് നിന്നും ക്രെയിൻ ഉപയോഗിച്ച് രണ്ട് ഗർഡറുകൾ സ്വന്തം നിലയിൽ സ്റ്റാൻഡിലെത്തിച്ച് ഡി.വൈ.എഫ്.ഐ വഴിയടച്ചത്.
വൈകിട്ട് മൂന്ന് മണിയോടെയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായെത്തിയത്. ബസ്സുകൾ ബൈപ്പാസ് വഴി പോകണമെന്നും സ്റ്റാൻഡിനു പുറകുവശത്തെ പ്രവേശനകവാടം അടയ്ക്കണമെന്നാവശ്യപ്പെട്ടും സ്റ്റാൻഡിൽ ബസ്സുകൾ തടഞ്ഞു നിർത്തി തൊഴിലാളികൾക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ താക്കീത് നൽകി. നടപടി എടുക്കുമെന്ന് പൊലീസ് ഉറപ്പ് നൽകിയതിനെ തുടർന്നാണ് യൂത്ത് കോൺഗ്രസ് സമരം അവസാനിപ്പിച്ചത്.
സി.പി.എം ലോക്കൽ സെക്രട്ടറി രാജീവ് സക്കറിയ, പി.എം. സഹീർ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി എം.യു. പ്രമേഷ്, കെ.എം. കുഞ്ഞുമോൻ, ബൈജു ജോർജ്, ഷിബു പള്ളിക്കുടി, കെ.ബി. നിഥിൻ, വി.ജി. നികേഷ്, ശ്യാം പത്മനാഭൻ, ഒ.കെ. ഷാനവാസ്, ആരിഫ് മുഹമ്മദ്, പ്രസ്റ്റീന നികേഷ്, അനീറ്റ മൊന്റിസ്, എം.എസ്. അജിത്ത് എന്നിവർ ഡി.വൈ.എഫ്.ഐ സമരത്തിനും യൂത്ത് കോൺഗ്രസ് ചാലക്കുടി ലോക്സഭ പ്രസിഡന്റ് പി.ബി. സുനീർ, നിയോജകമണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഷെഫീക്ക്, ലത്തീഫ് പുഴിത്തറ, ഫാസിൽ ഹുസൈൻ, ജി. മാധവൻ കുട്ടി, സാബു പരിയാരത്ത്, എം.ഐ. ഇസ്മായിൽ, അബ്ദുൾ റഷീദ്, വിപിൻദാസ്, എം.എ.കെ നജീബ്, സിറാജ് ചേനക്കര, അജ്മൽ കാമ്പായി, നസീർ ചൂർണ്ണിക്കര, ബാബു കുളങ്ങര എന്നിവർ യൂത്ത് കോൺഗ്രസ് സമരത്തിനും നേതൃത്വം നൽകി.