amir-amhed

കളമശേരി:കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ വിവിധ കോഴ്‌സുകൾക്ക് വേണ്ടിയുള്ള ഓൺലൈൻ പ്രവേശന പരീക്ഷാ (കാറ്റ്) ഫലം പ്രഖ്യാപിച്ചു. ബി.ടെക്, ഇന്റഗ്രേറ്റഡ് എം.എസ്.സി, ബി.ടെക്(ലാറ്ററൽ എൻട്രി), എം.എ, എം.എസ്.സി, ബി. വോക്, എം. വോക് പരീക്ഷകളുടേതാണ് ഫലം.

ബി.ടെക് പ്രവേശന പരീക്ഷയിൽ പൊതു വിഭാഗത്തിൽ തിരുവനന്തപുരം കിളിമാനൂർ സ്വദേശി അമീർ അഹമ്മദ് ഇംതിയാസ് ഒന്നാം റാങ്ക് കരസ്ഥമാക്കി. കിളിമാനൂർ സുഫാനാ മൻസിലിൽ അനീസ് ഇംതിയാസിന്റെയും സുമി ഇംതിയാസിന്റെയും മകനാണ് അമീർ അഹമ്മദ്.

കോഴിക്കോട് കോടഞ്ചേരി സ്വദേശി സാം മാത്യു ബെറ്റ്‌സൻ രണ്ടാം റാങ്ക് നേടി. കോടഞ്ചേരി കപ്യാരുമലയിൽ ബെറ്റ്‌സൻ മത്തായിയുടെയും റീജ വർഗീസിന്റെയും മകനാണ്.

കോഴിക്കോട് മലാപ്പറമ്പ് ശ്രീകൃഷ്ണയിൽ സി സന്തോഷിന്റയും കെ വി സബിതയുടെയും മകൻ ഗൗതം എസ് മൂന്നാം റാങ്കും തിരുവനന്തപുരം ശ്രീകണേ്ഠശ്വരം വെസ്റ്റിൽ ശിവനഗർ സായ്‌റാമിൽ എസ് ശങ്കറിന്റെയും രാധികയുടെയും മകൻ സായ് എസ്. കല്യാൺ നാലാം റാങ്കും നേടി.

പട്ടിക ജാതി വിഭാഗത്തിൽ തൃശൂർ കോട്ടേപ്പാടം വലിയേടത്തുകാരൻ ദേവികൃപയിൽ വി.വി ശശീന്ദ്രന്റെയും എൻ.ടി ശോഭയുടെയും മകൻ വിഷ്ണു വി.ശശീന്ദ്രനും പട്ടിക വർഗ വിഭാഗത്തിൽ എറണാകുളം കാക്കനാട് അത്താണി നന്ദനത്തിൽ സി.പി ബിജുമോന്റെയും പി.കെ നിർമലയുടെയും മകൻ നന്ദു ബിയും ഒന്നാം റാങ്ക് നേടി.
കുസാറ്റ് മെയിൻ കാമ്പസിൽ ബി.ടെക് 11 ബ്രാഞ്ചുകൾക്കുമായി 726 സീറ്റും കുട്ടനാട് കാമ്പസിൽ 5 ബ്രാഞ്ചുകൾക്കായി 270 സീറ്റുമാണുള്ളത്. പി.ജി ഓപ്ഷൻ രജിസ്‌ട്രേഷൻ 10 നും ബി.ടെക്കിനുള്ള ഓപ്ഷൻ രജിസ്‌ട്രേഷൻ 15 നും ആരംഭിക്കും.
പരീക്ഷാ ഫലവും പ്രവേശന നടപടികളുടെ സമയക്രമപ്പട്ടികയും admissions.cusat.ac.inൽ. വൈസ് ചാൻസലർ ഡോ. കെ.എൻ മധുസൂദനൻ, പ്രോ വൈസ് ചാൻസലർ ഡോ. പി.ജി ശങ്കരൻ, സിൻഡിക്കേറ്റംഗം ഡോ. എസ്. എം സുനോജ്, രജിസ്ട്രാർ ഡോ. കെ അജിത, ഐ.ആർ.എ.എ ഡയറക്ടർ ഡോ. പി.പി വിനോദ് കുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.