കൊച്ചി : നാട്ടാനകളുടെ കൊമ്പുകൾ മുറിച്ച് കടത്തി കോടികൾ സമ്പാദിച്ചെന്ന് ഇടമലയാർ ആനവേട്ടക്കേസ് പ്രതികളുടെ വെളിപ്പെടുത്തൽ പുറത്ത് വന്ന് രണ്ട് മാസം പിന്നിടുമ്പോഴും ആനയുടമകളിലേക്കുള്ള അന്വേഷണം ഇഴയുന്നു. ഉടമകളുടെ അറിവോടെയാണ് പ്രതികൾ ആനക്കൊമ്പ് മുറിച്ച് കടത്തിയത്. മാർച്ചിൽ കോടികളുടെ ആനക്കൊമ്പുകളും ശില്പങ്ങളുമായി പ്രതിളായ സുധീഷ് ചന്ദ്രബാബുവിനെയും, മകൾ അമിതയേയും കൊൽക്കത്ത ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) പിടികൂടിയിരുന്നു. ഇവരാണ് നാട്ടനകളുടെ കൊമ്പുകളും വിദേശത്തേക്ക് കടത്തിയെന്ന് വെളിപ്പെടുത്തിയത്. തുടർന്ന്, ഡി.ആർ.ഐ ഈ വിവരം സംസ്ഥാന വനംവകുപ്പിന് കൈമാറി. എന്നാൽ, കടത്തിന് കൂട്ടുനിന്ന ആനയുടമകളെ കണ്ടെത്താൻ വനം വകുപ്പിനായില്ല.
ഇടമലയാർ കേസിലെ മുഖ്യപ്രതി തിരുവനന്തപുരം സ്വദേശി തങ്കച്ചിയെ ചോദ്യം ചെയ്താൽ മാത്രമേ ഇത് സംബന്ധിച്ച് കൂടുതൽ വിവരം ലഭിക്കുകയുള്ളൂ. എന്നാൽ, കൊൽക്കത്ത ആലിപ്പൂർ കോടതിയിൽ നിന്ന് ജാമ്യം നേടി കേരളത്തിൽ എത്തിയ തങ്കച്ചി വനം വകുപ്പിനെ കബളിപ്പിച്ച് ഒളിവിൽ പോകുകയായിരുന്നു. അതേസമയം, തങ്കച്ചിയെ അറസ്റ്റ് ചെയ്യാൻ വാറണ്ട് പുറപ്പെടുവിക്കാനുള്ള തയ്യാറെടുപ്പിലാണ് വനം വകുപ്പ്.
ആനകൊമ്പ് കടത്ത് കേസിലെ പ്രതിയായ തങ്കച്ചിക്കും കുടുംബത്തിനും അന്താരാഷ്ട്ര റാക്കറ്റുമായി ബന്ധമുണ്ടെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ. 2015 ൽ വനംവകുപ്പ് രജിസ്റ്റർ ചെയ്ത കേസിൽ കഴിഞ്ഞ മാർച്ച് 26 ന് കൊൽക്കത്ത പൊലിസിന്റെ സഹായത്തോടെ തങ്കച്ചി പിടികൂടിയത്. ദക്ഷിണേന്ത്യക്ക് പുറമെ വടക്ക് കിഴക്കൻ മേഖലകളിൽ നിന്നും കൊമ്പിനായി തങ്കച്ചിയും കൂട്ടരും ആനകളെ വേട്ടയാടി കൊന്നിട്ടുണ്ട്. കേസിൽ 46 ാം പ്രതിയായ തങ്കച്ചി കൊൽക്കത്ത കേന്ദ്രീകരിച്ചാണ് വർഷങ്ങളായി ഇടപാടുകൾ നടത്തുന്നുത്. തങ്കച്ചിയുടെ ഭർത്താവ് സുധീഷ് ചന്ദ്രബാബു, മകൾ അമിത എന്നിവരും ആനക്കൊമ്പ് കടത്തുകേസിൽ ജയിലിലാണ്. ഇവരെയും മെയ് 30ന് കൊച്ചിയിൽ എത്തിച്ച് ചോദ്യം ചെയ്യും.
1.03 കോടി രൂപയുടെ ആനക്കൊമ്പും ശിൽപ്പങ്ങളുമായിട്ടാണ് സുധീഷും അമിതയും അറസ്റ്റിലായത്. കേരളത്തിൽ നിന്ന് എത്തിക്കുന്ന ആനക്കൊമ്പ് കൊൽക്കത്തയിലെ രഹസ്യ കേന്ദ്രത്തിലെത്തിച്ച ശേഷം ശില്പങ്ങളാക്കി സിലുഗിരി വഴി നേപ്പാളിലേക്കും തുടർന്ന് വിദേശ മാർക്കറ്റുകളിലേക്കും അയയ്ക്കുകയായിരുന്നു പതിവ്. കേസിൽ അറസ്റ്റിലായ തങ്കച്ചിയുടെ മകൻ അജീഷും റിമാൻഡിലാണ്. ആനവേട്ടയുമായി ബന്ധപ്പെട്ട് നിലവിൽ 18 കേസുകളിലാണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. 2015ൽ വടാട്ടുപാറ ചക്കിമേട് സ്വദേശി കെ.ഡി കുഞ്ഞുമോന്റെ വെളിപ്പെടുത്തലോടെയാണ് ആനവേട്ട കേസ് പുറത്തു വന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഡൽഹിയിൽ നിന്ന് 415 കിലോ ആനക്കൊമ്പും ശില്പങ്ങളും പിടികൂടി. 60 കിലോ കൊമ്പ് പിടികൂടിയത് തിരുവനന്തപുരത്ത് നിന്നാണ്. 19 ആനകളെയാണ് കൊമ്പെടുക്കാനായി കൊന്നുവെന്നും കണ്ടെത്തിയിരുന്നു.
വാറണ്ട് ഉടൻ
ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് അറിയിച്ചെങ്കിലും തങ്കച്ചി എത്തിയില്ല. ഇവർക്കായുള്ള അന്വേഷണം പുരോഗമിക്കുന്നു. വാറണ്ട് പുറപ്പെടുവിക്കാൻ കോടതിയുടെ അനുമതി ലഭിച്ചു. അടുത്ത ദിവസം വാറണ്ട് പറപ്പെടുവിക്കും. തങ്കച്ചിയെ ചോദ്യം ചെയ്താൽ മാത്രമേ നാട്ടാനകളുടെ കൊമ്പ് മുറിച്ച് കടത്തിയ സംഭവങ്ങളിലടക്കം കൂടുതൽ വിവരങ്ങൾ പുറത്തു കൊണ്ടുവരാനാകൂ.
സിജോ സാമുവൽ,
ഫോറസ്റ്റ് ഓഫീസർ
തുണ്ടത്തിൽ റേഞ്ച്