കൊച്ചി : തൃശൂർ പൂരത്തിന്റെ ചടങ്ങുകളിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കുന്നത് ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവരാണ് തീരുമാനിക്കേണ്ടതെന്നും ആവശ്യം കോടതിക്ക് അനുവദിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
12ന് നടക്കുന്ന പൂരം വിളംബരച്ചടങ്ങിൽ രാമചന്ദ്രനെ പങ്കെടുപ്പിക്കാതിരിക്കാൻ നീക്കമുണ്ടെന്നും കളക്ടർ ഉൾപ്പെടെയുള്ളവരെ ഇതിൽ നിന്നു തടയണമെന്നുമാവശ്യപ്പെട്ട് ആനയുടമസ്ഥരായ പേരമംഗലം പേരാതൃക്കോവ് തെച്ചിക്കോട്ടുകാവ് പൂതൃക്കോവ് ദേവസ്വം സമിതി നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്റെ വിധി.
സംസ്ഥാന സർക്കാരിനും ജില്ലാ കളക്ടർക്കും പുറമേ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഒഫ് ഫോറസ്റ്റ്, തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ, അസി. ഫോറസ്റ്റ് കൺസർവേറ്റർ തുടങ്ങിയവരെ എതിർ കക്ഷികളാക്കിയാണ് ഹർജി നൽകിയത്. ആനയെ പൂരച്ചടങ്ങുകളിൽ പങ്കെടുപ്പിക്കുന്ന കാര്യത്തിൽ എതിർ കക്ഷികൾക്ക് ഉചിതമായ തീരുമാനം എടുക്കാമെന്ന് വിധിയിൽ പറയുന്നു. നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയെത്തുന്ന ആന തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട മുട്ടിത്തുറക്കുന്ന ചടങ്ങാണ് പൂരവിളംബരം. വർഷങ്ങളായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ് ഇതു നിർവഹിക്കുന്നത്. ഇത്തവണ രാമചന്ദ്രനെ വിലക്കാൻ നീക്കമുണ്ടെന്നാണ് ഹർജിയിൽ പറഞ്ഞിരുന്നത്. നാല് വിദഗ്ദ്ധ പാപ്പാൻമാരുടെ നിയന്ത്രണം ഏർപ്പെടുത്താമെന്നും വനംവകുപ്പ് ആനയെ വിലക്കിയിട്ടില്ലെന്നും വ്യക്തമാക്കിയെങ്കിലും കളക്ടർ ഉൾപ്പെടെ എതിർ നടപടി സ്വീകരിച്ചേക്കുമെന്ന് ആശങ്കയുണ്ടെന്നും ഹർജിയിൽ പറഞ്ഞിരുന്നു. ഇൗ വാദങ്ങൾ കോടതി അംഗീകരിച്ചില്ല.
രാമചന്ദ്രനെ പൂരച്ചടങ്ങുകളിൽ അനുവദിക്കരുതെന്നാവശ്യപ്പെട്ട് ഇടുക്കി സ്വദേശിയും സൊസൈറ്റി ഫൊർ പ്രിവൻഷൻ ഒഫ് ക്രുവൽറ്റി ടു ആനിമൽ സംഘടനയുടെ പ്രതിനിധിയുമായ എം.എൻ. ജയചന്ദ്രൻ കേസിൽ കക്ഷിചേരാൻ അപേക്ഷ നൽകിയിരുന്നു. രാമചന്ദ്രനെ പൂരച്ചടങ്ങുകളിൽ പങ്കെടുപ്പിക്കരുതെന്ന് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ഏപ്രിൽ 25ന് തൃശൂരിൽ ചേർന്ന മോണിട്ടറിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചിട്ടുണ്ടെന്നും ആനയെ വിലക്കിക്കൊണ്ടുള്ള തീരുമാനം ഹർജിക്കാർ ഹൈക്കോടതിയെ അറിയിച്ചിട്ടില്ലെന്നും ഉപഹർജിയിൽ വ്യക്തമാക്കിയിരുന്നു. ഉപഹർജി ഹൈക്കോടതി പരിഗണിച്ചില്ല.