air-india

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനം ലാൻഡിംഗിനിടെ റൺവേയിൽ നിന്ന് തെന്നിമാറി കാനയിൽ വീണത് പൈലറ്റിന്റെ വീഴ്ചയാണെന്ന് വ്യക്തമായി. തന്നെക്കാൾ പ്രായം കുറഞ്ഞ വനിത പൈലറ്റിന്റെ നിർദ്ദേശം മുഖ്യപൈലറ്റ് അവഗണിച്ചതാണ് കാരണം.

മോശം കാലാവസ്ഥയെ തുടർന്നാണ് വിമാനം തെന്നിമാറി കാനയിൽ വീണതെന്നാണ് ആദ്യം നൽകിയ വിശദീകരണം. തുടർന്ന്

ഡി.ജി.സി.എ നടത്തിയ അന്വേഷണത്തിലാണ് യഥാർത്ഥ കാരണം പുറത്തായത്. പ്രധാന പൈലറ്റിനേക്കാൾ പ്രായത്തിൽ 30 വയസും പ്രവൃത്തി പരിചയത്തിൽ 13,000 മണിക്കൂറും കുറവുള്ളയാളാണ് വനിതാ സഹ പൈലറ്റെന്നും ഇവരുടെ അഭിപ്രായം അവഗണിച്ചതാണ് അപകട കാരണമെന്നുമാണ് റിപ്പോർട്ട്. ശക്തമായ മഴയെ തുടർന്ന് റൺവേ കാണാൻ കഴിയുന്നില്ലെന്നും ഫോളോ മീ വാഹനം ഉപയോഗിച്ച് വേഗത കുറയ്ക്കണമെന്നും വനിതാ സഹപൈലറ്റ് ആവശ്യപ്പെട്ടെങ്കിലും പ്രധാന പൈലറ്റ് ഇത് കണക്കിലെടുക്കാതെ ലാൻഡിംഗ് നടത്തി. സംഭവ സമയം പ്രധാന പൈലറ്റ് മദ്യപിച്ചിരുന്നതായും നേരത്തെ കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് മൂന്നു മാസത്തേക്ക് ഇയാളുടെ ലൈസൻസ് റദ്ദാക്കിയിരുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സംഭവത്തിനു പിന്നാലെ പ്രായവ്യത്യാസം അധികമുള്ളവരെ ഒന്നിച്ച് ജോലിക്കിടുന്നത് ഒഴിവാക്കാൻ വ്യോമയാന മന്ത്രാലയം എയർ ഇന്ത്യയ്ക്ക് നിർദ്ദേശം നൽകി. 2017 സെപ്തംബർ രണ്ടിനാണ് 102 യാത്രക്കാരുമായി അബുദാബി - കൊച്ചി വിമാനം അപകടത്തിൽപ്പെട്ടത്. അപകടത്തിൽ മൂന്ന് യാത്രക്കാർക്ക് പരിക്കേറ്റിരുന്നു.