abu

ആലുവ : ചൂർണിക്കര മുട്ടത്ത് കൃഷി ഭൂമി പുരയിടമാക്കി മാറ്റുന്നതിന് വ്യാജ രേഖ ചമച്ച കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതി കാലടി ശ്രീമൂലനഗരം ശ്രീഭൂതപുരം അപ്പേലി വീട്ടിൽ അബൂട്ടി എന്ന അബു ബീരാനും (43) റവന്യൂ ജീവനക്കാരൻ അരുണും അറസ്റ്റിൽ. ലാൻഡ് റവന്യൂ കമ്മിഷണറേറ്റിലെ ക്ളാർക്ക് അരുണിനെ തിരുവനന്തപുരം വിതുരയിലെ ക്വാർട്ടേഴ്സിൽ നിന്നാണ് ആലുവ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പിടികൂടിയത്.

അബുവിന്റെ വീട്ടിൽ നിന്ന് വിലപ്പെട്ട രേഖകൾ പിടിച്ചെടുത്തിരുന്നു. ചൂർണിക്കര വില്ലേജ് ഓഫീസർ ആർ. ശശിലേഖയുടെയും താലൂക്ക് ഓഫീസിലെ മറ്റൊരു ജീവനക്കാരന്റെയും സഹായത്തോടെ ഇയാളെ ചോദ്യം ചെയ്തു. കസ്റ്റഡിയിലെടുത്ത രേഖകളും റവന്യൂ ഉദ്യോഗസ്ഥരെക്കൊണ്ട് പരിശോധിപ്പിച്ചു. അബു നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അരുണിനെ പിടികൂടിയത്.

വ്യാജ രേഖകൾ വേറെയും

വ്യാജരേഖ ഉപയോഗിച്ച് ആലുവയിലും പരിസരത്തും കൂടുതൽ ഭൂമി ഇടപാടുകൾ നടന്നതായി പൊലീസ് കണ്ടെത്തി. ഡിവൈ.എസ്.പി ബി.എം. വർഗീസിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘവും അബുവിനെ ചോദ്യം ചെയ്തു. സി.പി.എം അനുഭാവി​കളായ അബുവി​ന്റെ കുടുംബം വർഷങ്ങൾക്ക് മുമ്പ് കോൺഗ്രസി​ലേക്ക് ചേക്കേറിയിരുന്നു​. യൂത്ത് കോൺഗ്രസ് ശ്രീഭൂതപുരം മുൻ മണ്ഡലം സെക്രട്ടറിയാണ് അബു. ഇപ്പോൾ പാർട്ടി​യി​ൽ അത്ര സജീവമല്ല. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.