കൊച്ചി : കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭവൻ ചെറുത്തുനിൽപ്പിന്റെ കേന്ദ്രമാകണമെന്ന് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. കൊച്ചി പനമ്പിള്ളി നഗറിൽ കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ (സി.ഒ.എ) പുതിയ സംസ്ഥാന ഓഫീസായ സി.ഒ.എ ഭവൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രാദേശിക ചാനലുകൾ സൃഷ്ടിച്ച ആവാസ വ്യവസ്ഥാധിഷ്ഠിതമായ സങ്കല്പങ്ങൾ ഇല്ലാതാക്കിയാലേ ആഗോള മൂലധന രാഷ്ട്രീയത്തിന് ലക്ഷ്യത്തിലെത്താനാവൂ എന്ന് കോർപറേറ്റുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ട് പ്രാദേശിക ചാനലുകളെ വിഴുങ്ങാനുള്ള സാദ്ധ്യത വർദ്ധിക്കുകയാണ്. അതിനായി അവർ ആയുധങ്ങളൊരുക്കിക്കൊണ്ടിരിക്കും. എന്തുകൊണ്ട് പ്രാദേശിക ചാനലുകൾ നിലനിൽക്കണമെന്നതിനെക്കുറിച്ച് സമൂഹം മനസിലാക്കണം. ആവാസ വ്യവസ്ഥാധിഷ്ഠമായ വികസനസങ്കല്പം വളർത്തിയെടുക്കണം. അതിനാവശ്യമായ പരിസരം ഒരുക്കാനുള്ള ഉത്തരവാദിത്വം പ്രാദേശിക ചാനലുകൾക്കും ഭരണകൂടങ്ങൾക്കുമുണ്ടെന്നു മന്ത്രി പറഞ്ഞു.

സി.ഒ.എ, കെ.സി.സി.എൽ, കെ.സി.ബി.എൽ ഓഫീസുകളുടെ ഉദ്ഘാടനം മന്ത്രി കെ.ടി. ജലീൽ നിർവഹിച്ചു. എങ്ങനെയാണ് കോർപറേറ്റുകൾക്ക് ബദലുണ്ടാക്കുക എന്ന ചോദ്യത്തിന്റെ ഉത്തരമാണ് കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷനെന്ന് ജലീൽ പറഞ്ഞു. ചെറു സംരംഭകരെ വൻകിട ഭീമന്മാർ വിഴുങ്ങുമ്പോൾ അവർക്ക് ബദൽ സൃഷ്ടിച്ച പ്രസ്ഥാനമാണ് സി.ഒ.എ. കോർപ്പറേറ്റ് ഓഫീസുകളുടെ റൂമുകളിൽ രൂപപ്പെടുന്ന വാർത്തകൾ സാധാരണക്കാരുടെ കൺവെട്ടത്തിലേക്കെത്തിക്കുക എന്ന ശ്രമകരമായ ജോലിയാണ് സി.ഒ.എ ചെയ്യുന്നത്. അവരുടെ ഐക്യമില്ലെങ്കിൽ വാർത്ത രൂപമെടുത്ത റൂമിൽ അവസാനിക്കും. അങ്ങനെ അവസാനിക്കാൻ വിടാതെ ജനങ്ങളിൽ ബോദ്ധ്യമാകുന്ന വിധത്തിൽ എത്തിക്കുകയാണ് അവർ ചെയ്യുന്നത്. സി.ഒ.എയുടെ വള‌ർച്ച ഗവേഷണപഠനമാക്കാവുന്ന വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.

സി.ഒ.എ പ്രസിഡന്റ് കെ. വിജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.വി. രാജൻ, ട്രഷറർ അബൂബക്കർ സിദ്ദിഖ്, വാർഡ് കൗൺസിലർ പി.ഡി. മാർട്ടിൻ, കേരളവിഷൻ ബ്രോഡ്ബാൻഡ് എം.ഡി കെ. ഗോവിന്ദൻ, കേരളവിഷൻ ചാനൽ എം.ഡി എം. രാജ്മോഹൻ, കേരളവിഷൻ ഡിജിറ്റൽ ടി.വി എം.ഡി പി.പി. സുരേഷ്‌കുമാർ, ഫ്ളവേഴ്സ് ടിവി എം.ഡി ശ്രീകണ്ഠൻ നായർ, റിപ്പോർട്ടർ ടിവി എം.ഡി എം.വി. നികേഷ് കുമാർ, സി.ഒ.എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ അജിത് ദാസ്, ബിനു സദാശിവൻ എന്നിവർ സംസാരിച്ചു. അജിത് ദാസ്, ജോർജ്, ജോസഫ് എന്നിവരെ സി.ഒ.എ ആദരിച്ചു.