കൊച്ചി:ഉപഭോക്തൃ തർക്ക പരിഹാര ഫോറം ഇനി ആരോട് പരാതിപറയും.ആറു മാസമായി ഫോറം സ്തംഭനാവസ്ഥയിലാണ്.ഉപഭോക്താവിന്റെ അവകാശങ്ങൾ സംരക്ഷിക്കാനായി നിലകൊള്ളുന്ന ഫോറംനിതിതേടുന്നു . പ്രസിഡന്റുൾപ്പെടെ മൂന്ന് അംഗങ്ങളാണ് ഫോറത്തിലുള്ളത്. ഇവരിൽ രണ്ടു പേർ ഒക്‌ടോബറിൽ വിരമിച്ചു.പകരം നിയമനമില്ല. ഫോറത്തിൽ പ്രസിഡന്റുണ്ടെങ്കിലും കോറം തികയാത്തതിനാൽ പരാതികൾ കേൾക്കുന്നതിനും തീർപ്പാക്കുന്നതിനും സാധിക്കുന്നില്ല. സീനിയർ സൂപ്രണ്ടുൾപ്പെടെ അഞ്ചു ജീവനക്കാർ സൊറ പറഞ്ഞ് സമയം പോക്കുന്നു. കതൃക്കടവിൽ എല്ലാ സൗകര്യങ്ങളുമുള്ള ഓഫീസുണ്ട്. ആർക്കും ഉപകാരപ്പെടുന്നില്ലെന്നു മാത്രം.
ഒരു ദിവസം ശരാശരി പത്തു പരാതികളാണ് ഫോറത്തിൽ ലഭിക്കുന്നത്. പരാതികളിൽ മൂന്ന് മാസത്തിനകം തീർപ്പു കല്‌പിക്കണം. എന്നാൽ ഫോറം നിശ്‌ചലമായതോടെ ആയിരക്കണക്കിന് പരാതികളാണ് ഓഫീസിൽ കെട്ടിക്കിടക്കുന്നത്. പരാതിക്കാർ നേരിട്ടും അഭിഭാഷകർ മുഖേനയും സമർപ്പിക്കുന്ന പരാതികൾ നമ്പറിട്ട് അട്ടിയിട്ടു വയ്ക്കുകയാണ് ജീവനക്കാരുടെ ഒരേയൊരു ജോലി. ഫോറത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ടതോടെ പരാതിക്കാരുടെ എണ്ണത്തിലും കുറവു വന്നു. ഇന്നത്തെ സ്ഥിതിയിൽ മൂന്നു കൊല്ലം കഴിഞ്ഞാൽ പോലും കെട്ടിക്കിടക്കുന്ന പരാതികളിൽ തീർപ്പു കല്പിക്കാനാ
വില്ല.
# കസേരയ്ക്കു വേണ്ടി പിടിവലി
ഔദ്യോഗിക വാഹനം, ഉയർന്ന ശമ്പളം തുടങ്ങി പലവിധ പ്രലോഭനങ്ങളുള്ളതിനാൽ ഫോറത്തിൽ അംഗത്വം കിട്ടുന്നതിനു വേണ്ടി രാഷ്‌ട്രിയക്കാർ തമ്മിലടിയാണ്. നിയമനം നീണ്ടുപോകാനുള്ള പ്രധാന കാരണം ഇതാണ്. അഞ്ചു വർഷമാണ് അംഗത്വ കാലാവധി. നിലവിലുള്ള പ്രസിഡന്റിന്റെ കാലാവധി അടുത്ത ഫെബ്രുവരിയിൽ കഴിയുന്നതോടെ ഫോറത്തിന്റെ ഭാവി വീണ്ടും ചോദ്യചിഹ്നമാകും.
സാധാരണക്കാരുടെ പ്രതീക്ഷ
. ആശിച്ചു വാങ്ങിയ പട്ടുസാരിയിൽ കേടുപാടുകൾ കണ്ടാൽ സാരി മാറ്റിത്തരാനോ , പണം തിരികെ നൽകാനോ കടയുടമ തയ്യാറായില്ലെങ്കിൽ ഉപഭോക്ത്യ തർക്ക പരിഹാരഫോറത്തിൽ പരാതി നൽകാം. സമയം അല്പമെടുത്താലും പരാതിക്കാരിക്ക് അനുകൂലമായ ഒരു തീരുമാനമുണ്ടാകുമെന്ന കാര്യത്തിൽ സംശയം വേണ്ട.
വസ്ത്രങ്ങൾ മാത്രമല്ല ഫ്രിഡ്ജ്, വാഷിംഗ്‌മെഷിൻ തുടങ്ങി ഗൃഹോപകരണങ്ങളെ സംബന്ധിച്ച പരാതികൾ, ഓട്ടോറിക്ഷക്കാരുമായുള്ള യാത്രാക്കൂലി തർക്കങ്ങൾ, വാട്ടർ അതോറിറ്റി, വൈദ്യുതി ബോർഡ് തുടങ്ങി സർക്കാർ സ്ഥാപനങ്ങൾക്കെതിരെയുള്ള പരാതികൾ, ഫ്ളാറ്റ് നിർമ്മാതാക്കൾക്കെതിരെയുള്ള ആവലാതികൾ തുടങ്ങി ഉപഭോക്താവിനെ ബാധിക്കുന്ന ഏതു പ്രശ്നങ്ങൾക്കും ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ പരാതി നൽകാം. നൂറു രൂപയാണ് അപേക്ഷാഫീസ്. മറ്റ് ചെലവുകളൊന്നുമില്ല.
സർക്കാരിന്റെ അനാസ്ഥ
സംസ്ഥാന സർക്കാരിന്റെയും ഉപഭോക്തൃ കാര്യാലയത്തിന്റെയും ഉദാസീനതയാണ് ഫോറത്തിന്റെ നിർജീവാവസ്ഥയ്ക്ക് കാരണം.. ജില്ലാ ഫോറത്തിൽ അംഗങ്ങളെ ഉടൻ നിയമിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന് നിവേദനം നൽകിയിട്ടുണ്ട് റോയി തെക്കൻ, ജനറൽ സെക്രട്ടറി ,ജില്ലാ ഉപഭോക്തൃ സംരക്ഷണ സമിതി
ഒക്ടോബർ 22 മുതൽ ഫോറം പ്രവർത്തനരഹിതം
ആയിരക്കണിന് പരാതികൾ കെട്ടിക്കിടക്കുന്നു