ആലുവ:ചൂർണിക്കര പഞ്ചായത്തിലെ മുട്ടത്ത് കൃഷിഭൂമി പുരയിടമാക്കി മാറ്റാൻ വ്യാജരേഖ നിർമ്മിച്ച കേസിൽ അറസ്റ്റിലായ ഇടനിലക്കാൻ കാലടി ശ്രീഭൂതപുരം അപ്പേലി വീട്ടിൽ അബൂട്ടി എന്ന അബു (43), ലാൻഡ് റവന്യൂ കമ്മിഷണറുടെ ഓഫീസിലെ പ്യൂൺ തിരുവനന്തപുരം പാലോട് അരുൺനിവാസിൽ അരുൺകുമാർ (34) എന്നിവരെ പറവൂർ കോടതി റിമാൻഡ് ചെയ്തു.

ഇന്ത്യൻ ശിക്ഷാനിയമം 465, 468, 471, 34 വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തത്. തട്ടിപ്പിൽ കൂടുതൽ റവന്യൂവകുപ്പ് ജീവനക്കാർക്ക് പങ്കുണ്ടോയെന്നറിയാൻ ഇരുവരെയും പൊലീസ് വീണ്ടും കസ്റ്റഡിയിൽ വാങ്ങും. അബുവിനെ ഒളിവിൽ താമസിക്കാൻ സഹായിച്ച ബന്ധുക്കളായ അഷറഫ്, റഷീദ് എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ആദ്യം പിടിയിലായ മുഖ്യപ്രതി അബുവിൽ നിന്നാണ് അരുൺകുമാറിന്റെ പങ്ക് വ്യക്തമായത്. ഇയാളെ തിരുവനന്തപുരത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. അബുവിന്റെ ബന്ധുവിന്റെ സുഹൃത്താണ് അരുൺ. ഭൂവുടമ തൃശൂർ മതിലകത്ത് മൂളംപറമ്പിൽ വീട്ടിൽ ഹംസ, മകൾ, ഭാര്യ സുലേഖ,എന്നിവരെ ഒന്നു മുതൽ മൂന്നുവരെ പ്രതികളാക്കിയാണ് ആദ്യം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നത്.

അബു കൈപ്പറ്റിയത് 7 ലക്ഷം

അരുണിന് നൽകിയത് 30,000

ഭൂമി പരിവർത്തനത്തിനായി ഏഴ് ലക്ഷം രൂപയാണ് ഹംസയോട് അബു വാങ്ങിയത്. രേഖയിൽ സീൽ പതിക്കാൻ 30,000 രൂപ അബു അരുണിന് നൽകി. സീനിയർ സൂപ്രണ്ട് ഉച്ചഭക്ഷണത്തിന് പോയപ്പോഴാണ് അദ്ദേഹത്തിന്റെ ഒപ്പുള്ള സീൽ അരുൺ പതിച്ചു നൽകിയത്.
കോൺഗ്രസ് അനുകൂല എൻ.ജി.ഒ അസോസിയേഷന്റെ പ്രവർത്തകനാണ് അരുൺ. പിതാവ് മരിച്ചതിനെ തുടർന്ന് ആശ്രിത നിയമനത്തിൽ 26- ാം വയസിൽ ജോലിയിൽ പ്രവേശിച്ചു. ഓഫീസിൽ സ്ഥിരമായി ഹാജരാകാറില്ലായിരുന്നു. ഓഫീസിലെത്തി പഞ്ച് ചെയ്ത ശേഷം പോവുകയാണ് പതിവ്.

വ്യാജരേഖയിലേക്കുള്ള വഴി

അബു ലാൻഡ് റവന്യൂ കമ്മിഷണറുടെ ഉത്തരവ് തിരുവനന്തപുരത്തെ ഡി.ടി.പി. സെന്ററിലാണ് തയ്യാറാക്കിയത്. ഇതിൽ അരുണിനെകൊണ്ട് സീലുകൾ പതിപ്പിച്ചു. തുടർന്ന് വ്യാജഉത്തരവ് ചൂർണിക്കര വില്ലേജ് ഓഫീസിലും താലൂക്ക് ഓഫീസിലും എത്തിച്ചു.നടപടിക്രമങ്ങൾ പാലിക്കാത്ത ഉത്തരവ് മടക്കിയ വില്ലേജ് ഓഫീസർ ആർ. ശശിലേഖ ആർ.ഡി.ഒയുടെ ഉത്തരവ് ആവശ്യപ്പെട്ടു. അബു അതിന്റേയും വ്യാജരേഖ തയ്യാറാക്കി. പഴയ ഉത്തരവിലെ ഡിജിറ്റൽ സിഗ്‌നേച്ചർ വെട്ടി ഒട്ടിച്ച് ഫോട്ടോസ്റ്റാറ്റ് എടുക്കുകയായിരുന്നു. ഇത് വ്യാജരേഖയാണെന്ന് വില്ലേജ് ഓഫീസർ തിരിച്ചറിഞ്ഞ് മേലധികാരികളെ അറിയിക്കുകയായിരുന്നു.