കാലടി: മറ്റൂരിൽ നിന്നും ആരംഭിക്കുന്ന മറ്റൂർ കൈപ്പട്ടൂർ ചെമ്പിശ്ശേരി റോഡിന്റെ മൂന്നാം ഘട്ട നിർമ്മാണം ആരംഭിച്ചു. മൂന്നരക്കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന മൂന്നാംഘട്ട പണിയുടെ പ്രവർത്തനങ്ങൾ റോജി എം ജോൺ എം എൽ എ വിലയിരുത്തി. റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ച് എത്രയും പെട്ടെന്ന് ഗതാഗതത്തിന് സൗകര്യമൊരുക്കുമെന്ന് എംഎൽഎ പറഞ്ഞു. കാലടി ഗതാഗതകുരുക്ക് രൂക്ഷമായ സാഹചര്യത്തിൽ റോഡിന്റെ നിർമാണം എത്രയും വേഗം പൂർത്തിയാക്കണമെന്ന് നാട്ടുകാരുടെ ആവശ്യം ശക്തമായതിനെ തുടർന്നാണ് മൂന്നാംഘട്ട നിർമ്മാണം ആരംഭിച്ചിട്ടുള്ളത്. മുൻ എംഎൽഎ യുടെ നേതൃത്വത്തിൽ 5 കോടി രൂപ ചിലവിൽ രണ്ട് ഘട്ടങ്ങളിലായ റോഡിന്റെ രണ്ടറ്റത്തുമായി 750 മീറ്റർ ദൂരത്തിൽ ടൈൽ വിരിച്ച് പണിപൂർത്തീകരിച്ചു. എന്നാൽ മൂന്ന് കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് പണി കാലതാമസം നേരിട്ടു. ടൗണിലെ ഗതാഗത കുരുക്കിന് ശാശ്വതമായ പരിഹാരമാണ് ഈ ബൈപ്പാസ് റോഡ്.തൃശൂരിൽ നിന്നും കോതമംഗലത്തിനും മൂവ്വാറ്റുപുഴയിലേക്ക് യാത്ര ചെയ്യുന്നവർക്ക് എളുുപ്പമാണ് ഈ ബൈപ്പാസ് റോഡ്.