കോതമംഗലം: ഭൂതത്താൻകെട്ട് അണക്കെട്ടും പരിസര വനമേഖലയും ഉൾപ്പെടുത്തി ഇക്കോ ടൂറിസം പദ്ധതി തയ്യാറാകുന്നു.ഇതിനായുള്ള പഠനം തുടങ്ങി.
ഭൂതത്താൻകെട്ട് അണക്കെട്ട് പ്രദേശംഎറണാകുളം ജില്ലയിലെ ശേഷിക്കുന്ന പച്ച തുരുത്താണ്
.55 വർഷം മുൻപ് ആരംഭിച്ച പെരിയാർവാലി ജലസേചനപദ്ധതിയുടെ അണക്കെട്ടും പെരിയാർ ജലസംഭരണിയും സമീപമുള്ളതുണ്ടം വനമേഖലയുമെല്ലാം പ്രകൃതി ഒരുക്കിയ മനോഹര കാഴ്ചകളാണ്.സഞ്ചാരികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയാൽ കൊച്ചിക്കും മൂന്നാറിനും ഇടയിലുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രമാകുവാൻ ഭൂതത്താൻകെട്ടിന് കഴിയും. ഭൂതഗണങ്ങൾ കെട്ടിയതെന്ന് ഐതീഹ്യമുള്ള തുണ്ടം വനമേഖലയിലെ പഴയ ഭൂതത്താൻകെട്ട് ഭാഗത്തേക്ക് വനം വകുപ്പ് ഇക്കോ ടൂറിസത്തിന്റെ ഭാഗമായി പാസ് നൽകി സഞ്ചാരികളെ കടത്തിവിടുന്നുണ്ട്.ഇതല്ലാതെ ടൂറിസം സാദ്ധ്യതകൾ ഉപയോഗപ്പെടുത്തുവാൻ വനം വകുപ്പ് മറ്റൊന്നും ചെയ്യുന്നില്ല. ഭൂതത്താൻകെട്ട് ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് ചെക്ക് പോസ്റ്റിന് സമീപമുള്ള സ്ഥലത്ത് സഞ്ചാരികൾക്ക് വിശ്രമിക്കുന്നതിനും പ്രാഥമിക ആവശ്യങ്ങൾ നിർവ്വഹിക്കുന്നതിനുമായി പുതിയ കെട്ടിടം നിർമ്മിക്കുവാനുള്ള നടപടികൾക്ക് തുടക്കമായിട്ടുണ്ട്. ഇവിടെ എത്തുന്ന സഞ്ചാരികൾ തുണ്ടം വനമേഖലയിലെ ജലസ്രോതസുകളിൽ കുളിക്കാനിറങ്ങുന്നത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.അപകടങ്ങൾ ഇല്ലാതെ സന്ദർശകർക്ക് കുളിക്കാനിറങ്ങുന്നതിനുള്ള സൗകര്യങ്ങളും മരത്തിനു മുകളിൽ താമസിക്കുന്നതിന് ഏറുമാടങ്ങൾ നിർമ്മിക്കുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങളും ഇക്കോ ടൂറിസത്തിന്റെ ഭാഗമായി നടപ്പാക്കും. ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ പെരിയാർ വരെ നീണ്ടു കിടക്കുന്ന ഏറെ വിസ്തൃതമായ ജലസംഭരണിയിൽ സ്വകാര്യ ഗ്രൂപ്പുകളുടെ ചില ബോട്ടുകൾ സർവീസ് നടത്തുന്നുണ്ട്. ഇത്തരം സർവീസുകൾ സഞ്ചാരികളിൽ നിന്നും വലിയ തുക ഇടാക്കുന്നതായും ജല നിയമങ്ങൾ പാലിക്കാതെ ജലസംഭരണിയിൽ സർവീസുകൾ നടത്തുന്നതായും പരാതിയുണ്ട്. ഈ സാഹചര്യത്തിലാണ് ഭൂതത്താൻ കെട്ടിൽ സർക്കാർ നിയന്ത്രണത്തിൽ ഇക്കോ ടൂറിസം പദ്ധതിയുംബോട്ടിംഗ് ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഏർപ്പെടുത്തണമെന്നുള്ള നിർദേശം ഉയർന്നത്.ഇതേ തുടർന്നാണ് ഇക്കോ ടൂറിസം നടപ്പാക്കുന്നതിനുള്ള പഠനവും ചർച്ചയും ആരംഭിച്ചത്. ഭൂതത്താൻകെട്ടിൽ കഴിഞ്ഞ ദിവസം ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗം നടന്നു.ഇക്കോ ടൂറിസം ഡയറക്ടർ പി.പി.വിനോദ്, ഇക്കോ ടൂറിസം പ്രൊജക്ട് എക്സിക്യുട്ടിവ് മനോജ് മാത്യു, എറണാകുളം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി എസ്.വിജയകുമാർ, ടൂറിസം ഡപ്യൂട്ടി ഡയറക്ടർ കമലമ്മ ഡി, പെരിയാർവാലി ജലസേചന പദ്ധതി ഭൂതത്താൻകെട്ട് അസി.എൻജിനിയർ ജേക്കബ്, തുണ്ടം ഫോറസ്റ്റ് റേഞ്ച് ഓഫീസർ സിജോ സാമുവൽ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്.
സഞ്ചാരികൾക്ക് വിശ്രമിക്കുന്നതിനും പ്രാഥമിക ആവശ്യങ്ങൾ നിർവ്വഹിക്കുന്നതിനും പുതിയ കെട്ടിടം
.അപകടങ്ങൾ ഇല്ലാതെ സന്ദർശകർക്ക് കുളിക്കാനിറങ്ങുന്നതിനുള്ള സൗകര്യങ്ങൾ
താമസിക്കുന്നതിന് ഏറുമാടങ്ങൾ