car
അത്താണി -മാഞ്ഞാലി റോഡിലെ ചുങ്കം കവലയിൽ അപകടത്തിൽപ്പെട്ട കാർ

നെടുമ്പാശേരി: അത്താണി -മാഞ്ഞാലി റോഡിലെ ചുങ്കം കവലയിൽ വീണ്ടും അപകടം. നിയന്ത്രണംവിട്ട കാർ ഇലക്ട്രിക് പോസ്റ്റും ഇരുമ്പ് ബാരിക്കേഡുകളും തകർത്ത് റോഡിന് സമീപത്തെ കുഴിയിൽ പതിച്ചു.യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

ഇന്നലെ പുലർച്ചെ 4.45 നായിരുന്നു അപകടം. അത്താണി ഭാഗത്ത് നിന്നും വരികയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്. അമിത വേഗതയിൽ പാഞ്ഞെത്തിയ കാർ ഈ ഭാഗത്ത് സ്ഥാപിച്ചിരുന്ന ഇരുമ്പ് സുരക്ഷാ ബാരിക്കേഡുകളും, ഇലക്ട്രിക് പോസ്റ്റും തകർത്താണ് താഴേയ്ക്ക് പതിച്ചത്. കാർ ഭാഗികമായി തകർന്നു. തൃശൂർ മാള സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർക്ക് പുറമെ മറ്റൊരാളുമാണ് കാറിൽ ഉണ്ടായിരുന്നത്. ചുങ്കം വളവിൽ അപകടം തുടർക്കഥയായതോടെയാണ് ഈ ഭാഗത്ത് ഇരുമ്പ് ബാരിക്കേഡുകളും റിഫ്‌ളക്ടറുകളും സ്ഥാപിച്ചത്. എന്നാൽ ഇപ്പോൾ അതും തകർത്താണ് വാഹനം താഴേയ്ക്ക് പോയത്. അത്താണി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ കുത്തനെയുള്ള ഇറക്കം ഇറങ്ങിയാണ് വരുന്നത്. രാത്രി കാലങ്ങളിൽ അമിത വേഗത കൂടിയാകുമ്പോൾ പെട്ടെന്നുള്ള വളവ് ശ്രദ്ധയിൽപെടാത്തതാണ് അപകടത്തിന് വഴിയൊരുക്കുന്നത്.