നിരോധന ബോർഡുകൾ കാഴ്ചവസ്തുവായി
ഇടപ്പള്ളി : തിരക്കേറിയ ഇടപ്പള്ളിയിൽ പാർക്കിംഗ് നിയന്ത്രണ സംവിധാനങ്ങൾ പ്രഹസനമായി മാറി. നിരോധനം വകവെക്കാതെ ഗുരുവായൂർ റോഡിന്റെ ഒരു വശം മുഴുവൻ പാർക്കിംഗ് കേന്ദ്രമാണിപ്പോൾ. അനധികൃത പാർക്കിംഗിൽ ഇരുചക്ര വാഹനങ്ങളാണ് കൂടുതലെങ്കിലും കാറുകളുൾപ്പടെ മറ്റു വാഹനങ്ങളും ഇതോടൊപ്പം ഇവിടെങ്ങളിൽ നിർത്തിയിടുന്നത് രൂക്ഷമായ ഗതാഗത കുരുക്കിന് കാരണമാകുന്നുണ്ട്.
ബസ് സ്റ്റോപ്പ് മുതൽ പള്ളി കവല വരെ വാഹന പാർക്കിംഗ് നിരോധിച്ച ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആരും ഇത് ഗൗനിക്കുന്നേയില്ല. പൊലീസും കർശന നടപടികൾ എടുക്കുന്നില്ല. വ്യാപാരികളുടെ സമ്മർദ്ദമാണ് പൊലീസ് നിഷ്ക്രിയത്വത്തിന് കാരണമെന്നും ആരോപണമുണ്ട്.
രാത്രി കാലങ്ങളിൽ പഴയ ഇടപ്പള്ളി -ഗുരുവായൂർ റോഡിലും തോന്നിയപടിയാണ് വാഹന പാർക്കിംഗ്. ഇത് പലപ്പോഴും തർക്കങ്ങൾക്കും കാരണമാകുന്നു.