ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്തിൽ പകർച്ചവ്യാധിക്കെതിരെ ജനകീയ പ്രതിരോധം എന്ന ആശയവുമായി ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഭവന സന്ദർശത്തിന്റെ പഞ്ചായത്തുതല ഉദ്ഘാടനം സിനിമ താരം ബാബുരാജിന് ലഘുരേഖ നൽകി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബാബു പുത്തനങ്ങാടി നിർവ്വഹിച്ചു.
പഞ്ചായത്ത് അംഗം ലിനേഷ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി എ.വി. ഷാജി, ഡോ. ഷേർലി ജോർജ്, ഹെൽത്ത് ഇൻസ്‌പെക്ടർ സി.കെ. ലിനി, വി.ഇ.ഒ സൂരജ് എന്നിവർ പങ്കെടുത്തു. ദേശീയപാതയോരത്തെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ ആരംഭിച്ചു. സ്വകാര്യ സ്ഥാപനങ്ങളുടെ സഹായത്തോടെ ദേശീയ പാതയിലും പ്രധാന റോഡുകളിലും ക്യാമറ സ്ഥാപിക്കുവാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.തെരുവുകളിൽ മാലിന്യങ്ങൾ നിക്ഷേപികുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് അറിയിച്ചു. ഇത്തരക്കരുടെ ഫോട്ടോ പൊലീസിൻറെ സഹായത്തോടെ ജനങ്ങൾക്ക് മുമ്പിൽ പ്രദർശിപ്പിക്കും.മഴക്കാലത്തിന് മുൻപ് തന്നെ ശുചീകരണവും, പഞ്ചായത്തിലെ മുഴുവൻ ഹോട്ടലുകളിലും വ്യത്തിയായ ഭക്ഷണം ഉറപ്പു വരുത്തുമെന്നും പ്രസിഡന്റ് പറഞ്ഞു.