കൊച്ചി: ആലുവ ചൂർണിക്കര വ്യാജരേഖ കേസിൽ ഒളിഞ്ഞും തെളിഞ്ഞും തട്ടിപ്പിന് കൂട്ടുനിന്നവരെ അഴിക്കുള്ളിലാക്കാൻ വിജിലൻസ് കച്ചമുറുക്കുന്നു. കേസിൽ എഫ്.ഐ.ആർ ഇട്ട് അഴിമതിക്കാരെ പൂട്ടുകയാണ് ലക്ഷ്യം. പ്രാഥമിക അന്വേഷണം പൂർത്തിയായി. രണ്ട് ദിവസത്തികം റിപ്പോർട്ട് ഡയറക്ടർക്ക് കൈമാറും. തട്ടിപ്പ് പുറത്തായത് മുതൽ ലാന്റ് റവന്യു കമ്മിഷണറേറ്റിലെ ജീവനക്കാരനായ കെ.അരുണിന്റെ (34) അറസ്റ്റ് വരെ നീണ്ട കേസിലെ നിർണായക വിവരങ്ങളും സുപ്രധാന രേഖകളും പ്രാഥമിക റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. റിപ്പോർട്ട് കൈമാറിയ ശേഷമായിരിക്കും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുക. തുടർന്ന് കേസിൽ ഉൾപ്പെട്ട എല്ലാവരെയും അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. വിജിലൻസിന്റെ എറണാകുളം റേഞ്ചാണ് കേസ് അന്വേഷിക്കുന്നത്.
അതേസമയം, അറസ്റ്റിലായ അരുൺ മറ്റ് ഉദ്യോഗസ്ഥരുടെയും സീൽ തരപ്പെടുത്തി തട്ടിപ്പ് നടത്തിയോയെന്ന് വിജിലൻസ് സംശയിക്കുന്നുണ്ട്. ഒരു രേഖ ഉണ്ടാക്കാൻ മാത്രം ഇടനിലക്കാരനും മുഖ്യപ്രതിയുമായ കാലടി ശ്രീഭൂതപുരം സ്വദേശിയായ അബു, അരുണുമായി ബന്ധം സ്ഥാപിക്കില്ലെന്നാണ് ഇത്തരമൊരു സംശയം ഉയരാൻ കാരണം. കഴിഞ്ഞ ദിവസം അരുണിനെ ചോദ്യം ചെയ്തെങ്കിലും ചൂർണിക്കര ഭൂമി കേസ് ഒഴികെ കൂടുതൽ വിവരങ്ങളൊന്നും വെളിപ്പെടുത്തിയില്ല. സൂപ്രണ്ട് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ പോയ സമയത്ത് ഉത്തരവിൽ സീൽ പതിപ്പിച്ചാണ് ഇയാൾ തട്ടിപ്പിന് കൂട്ടു നിന്നത്. 30,000 രൂപയാണ് ഇതിന് പ്രതിഫലമായി വാങ്ങിയത്. കേസുമായി ബന്ധപ്പെട്ട ചില നിർണായക വിവരങ്ങൾ കൂടി അബുവിൽ നിന്നും അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന. സർക്കാർ ഉദ്യോഗസ്ഥനായ അരുണിന്റെ പങ്ക് വ്യക്തമായ സാഹചര്യത്തിൽ പൊലീസിൽ നിന്ന് അന്വേഷണം പൂർണമായി വിജിലൻസ് ഏറ്റെടുത്തേക്കും.
ഭൂമി തട്ടിപ്പ് കേസിൽ വിജിലൻസിനൊപ്പം പൊലീസിന്റെ സമാന്തര അന്വേഷണവും പുരോഗമിക്കുകയാണ്. കൂടുതൽ അന്വേഷണത്തിനായി അബുവിനെയും അരുണിനേയും പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ഇതിനായുള്ള അപേക്ഷ ഇന്നലെ സമർപ്പിച്ചു. കേസിൽ മറ്റ് ഉദ്യോഗസ്ഥർക്കും പങ്കുണ്ടോ എന്നാണ് പൊലീസും അന്വേഷിക്കുന്നത്. വ്യാജരേഖ നിർമിച്ചതിൽ അബുവിനെതിരെ കൂടുതൽ തെളിവുകൾ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. അബുവും അരുണും ഉൾപ്പെടുന്ന സംഘം നടത്തിയ മറ്റ് ഭൂമിയിടപാടുകളും പൊലീസ് അന്വേഷിച്ചു വരികയാണ്. പൊലീസ് ആലുവയിൽ നടത്തിയ റെയ്ഡിൽ നിരവധി വ്യാജ ഉത്തരവുകളും പ്രമാണങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഭൂമി തട്ടിപ്പ് കേസിൽ കഴിഞ്ഞ ദിവസമാണ് അബുവും അരുണും അറസ്റ്റിലായത്. ഇരുവരും റിമാൻഡിലാണ്.
ഇതാണ് ഭൂമിതട്ടിപ്പ്
എറണാകുളം ചൂർണിക്കര വില്ലേജിലെ ആലുവ ദേശീയ പാതയിൽ മുട്ടം തൈക്കാവിനോട് ചേർന്ന് നിൽക്കുന്ന അര ഏക്കർ ഭൂമിയിൽ 25 സെന്റ് നിലം നികത്താനാണ് ലാൻഡ് റവന്യു കമ്മിഷണറുടെയും ആർ.ഡി.ഒയുടെയും പേരിൽ വ്യാജ ഉത്തരവിറക്കിയത്. ദേശീയപാതയോട് ചേർന്ന തണ്ണീർത്തടം തരം മാറ്റാനുള്ള നീക്കം വില്ലേജ് ഓഫീസറുടെ ഇടപെടലിനെ തുടർന്നാണ് പിടിക്കപ്പെട്ടത്. വ്യാജരേഖ നിർമിക്കാൻ ഏഴുലക്ഷം രൂപയാണ് സ്ഥല ഉടമ കൊടുങ്ങല്ലൂർ മതിലകത്ത് മൂളംപറമ്പിൽ ഹംസ, അബുവിന് നൽകിയത്. ബന്ധു മുഖേനയാണ് ഹംസ അബുവിനെ സമീപിച്ചത്. അബു നൽകിയ രേഖകൾ പ്രകാരമാണ് വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയത്. 1994 - 95 കാലത്താണ് നിലം നികത്തിയത്. പിന്നീട് ഗോഡൗൺ നിർമിച്ച് വാടകയ്ക്ക് നൽകി.
''പ്രാഥമിക അന്വേഷണ റിപ്പോർട്ട് നാല് ദിവസത്തിനകം സമർപ്പിക്കും. തുടർനടപടികൾ ഇതിനുശേഷം തീരുമാനിക്കും.
ടി.എം വർഗീസ്, ഡിവൈ. എസ്.പി, സെൻട്രൽ റേഞ്ച് എറണാകുളം വിജിലൻസ്