yuva
യുവമോർച്ച പ്രവർത്തകർ ആലുവ ആർ.ടി.ഒ ഓഫീസ് ഉപരോധിക്കുന്നു

ആലുവ: ആലുവ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ ആലുവ ആർ.ടി.ഒ ഓഫീസ് ഉപരോധിച്ചു. സ്വകാര്യ ബസ് സ്റ്റാൻഡിലും പരിസരങ്ങളിലുമായി നിരവധി പേർക്ക് ജീവഹാനി സംഭവിക്കുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടും ബസുകൾക്കെതിരെ നടപടിയെടുക്കാൻ ബന്ധപ്പെട്ടവർ തയ്യാറാവുന്നില്ലെന്നാണ് സമരക്കാരുടെ ആക്ഷേപം.
ലൈസൻസില്ലാതെയും ലഹരിയുപയോഗിച്ചും ബസ് ഓടിക്കുന്നതാണ് പ്രധാന കാരണം. ആലുവ സ്വകാര്യ ബസ് സ്റ്റാൻഡ് മയക്കുമരുന്ന് മാഫിയയുടെ ഹബായി മാറി. അടുത്തിടെ 14 വയസ്സുള്ള വിദ്യാർത്ഥിയെ കണ്ടക്ടർ കൈ തല്ലിയൊടിച്ചതും മദ്യലഹരിയിലായിരുന്നു. അന്നത്തെ വിഷയത്തിൽ യുവമോർച്ച ശക്തമായ സമരം ചെയ്തതിനാലാണ് പൊലീസ് കേസെടുത്തത്. കുറ്റക്കാർക്കെതിരെ യഥാസമയം നടപടിയെടുക്കാത്തതാണ് ഇത്തരം കേസുകൾ വർദ്ധിക്കുന്നതിന് കാരണമെന്ന് ബി.ജെ.പി മണ്ഡലം ജനറൽസെക്രട്ടറി പി. ഹരിദാസ് ആരോപിച്ചു.
മയക്കുമരുന്ന് മാഫിയക്കെതിരെ കർശന നടപടികൾ സ്വീകരിക്കാമെന്നും ജോയിന്റ് ആർ.ടി.ഒ ഓഫീസർ ഉറപ്പ് നൽകി. യുവമോർച്ച മണ്ഡലം പ്രസിഡന്റ് മിഥുൻ ചെങ്ങമനാട്, ജനറൽസെക്രട്ടറി ജയപ്രകാശ് കുന്നത്തേരി, സെക്രട്ടറി ലീന സജീഷ്, സംസ്ഥാന സമിതിയംഗം രാജീവ് മുതിരക്കാട്, ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റ് എ. സെന്തിൽകുമാർ, ബേബി നമ്പേലി, അക്ഷയ് മാധവപുരം, ദീപക് മാങ്ങമ്പിള്ളി എന്നിവർ നേതൃത്വം നൽകി.