കൊച്ചി: സോഫ്‌റ്റ് വെയർ പണി മുടക്കിയതോടെ സംസ്ഥാനത്ത് ആധാർ സേവനങ്ങൾ ലഭ്യമാകാത്തത് വിദ്യാർത്ഥികൾക്ക് വിനയാവും. ആധാർ കാർഡിലെ തെറ്റുകൾ തിരുത്താൻ നിലവിൽ മറ്റു മാർഗമില്ലാത്തതാണ് പ്രശ്നം. ആധാർ കാർഡിൽ പേരും വിവരങ്ങളും നൽകിയ സമയത്ത് പല വിവരങ്ങളിലും മറ്റു രേഖകളുമായി വ്യത്യാസമുള്ളവരാണ് ബുദ്ധിമുട്ടുന്നത്. ഉപരിപഠനത്തിന് പ്രവേശേനം നടക്കുന്ന കാലമായതിനാൽ ആധാർ കാർഡിന് ആവശ്യമേറെയാണ്.
ഒന്നാം ക്ലാസിലെ പ്രവേശനം മുതൽ കോളേജ് തലം വരെയുള്ള പ്രവേശന പ്രക്രിയയിൽ ആധാർ വിവരങ്ങൾ കൂടി ചേർക്കേണ്ടതുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ പ്രവേശന സോഫ്റ്റ് വെയറിൽ ആധാർ നമ്പർ നൽകിയാണ് വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുന്നത്. മറ്റേതെങ്കിലും കോഴ്സിന് പ്രവേശനം നേടിയിട്ടില്ലെന്ന് ഇതിലൂടെ ഉറപ്പാക്കാൻ സാധിക്കും. കൂടാതെ പ്ലസ് വൺ മുതൽ ബിരുദാനന്തര ബിരുദ പ്രവേശനം വരെയും വിവിധ സ്‌കോളർഷിപ്പ് ലഭ്യമാക്കുന്നതിനും ആധാർ കാർഡ് നിർബന്ധമാണ്. ആധാർ സേവന കേന്ദ്രങ്ങളിൽ ഉപയോഗിക്കുന്ന സോഫ്‌റ്റ് വെയറായ എൻ റോൾമെന്റ് ക്ലയന്റ് മൾട്ടി പ്ലാറ്റ്‌ഫോമാണ് തകരാറിലായത്. നിലവിൽ പുതുതായി ആധാർ എടുക്കൽ, ആധാറിലെ തെറ്റുകൾ തിരുത്തൽ, ബയോമെട്രിക് അപ്‌ഡേറ്റ് തുടങ്ങിയ സേവനങ്ങളാണ് നടപ്പിലാക്കാൻ സാധിക്കാത്തത്. ആധാർ ഉടമയുടെ കൈവിരലിന്റെ അടയാളം നൽകിയാൽ ഞൊടിയിടയിൽ വിവരങ്ങൾ തിരുത്തി നൽകാനുള്ള സംവിധാനമാണ് എൻ റോൾമെന്റ് ക്ലയന്റ് മൾട്ടി പ്ലാറ്റ്‌ഫോം. എന്നാൽ കഴിഞ്ഞ മൂന്ന് ആഴ്ചയായി സർവർ തകരാറിലാണ്. കഴിഞ്ഞ മാസം 24 ന് സോഫ്‌റ്റ് വെയർ അപ്‌ഡേറ്റ് ചെയ്തത് മുതലാണ് തകരാർ തുടങ്ങിയത്.
അക്ഷയ സെന്ററുകൾ, പോസ്റ്റ് ഓഫീസുകൾ, എൻറോൾമെന്റ് സെന്ററുകൾ എന്നിവിടങ്ങളിൽ നിന്ന് കൂടാതെ ഓൺലൈനായും ആധാറിലെ തെറ്റുകൾ തിരുത്തി പുതിയ വിവരങ്ങൾ നൽകാം. 90 ദിവസത്തിന് ശേഷമാണ് വിവരങ്ങൾ സെർവറിൽ ചേർക്കപ്പെടുന്നത്. അതിനാൽ സെർവർ തകരാർ പരിഹരിച്ചാൽ തന്നെ വിവരങ്ങൾ ലഭ്യമാകാനുള്ള കാലതാമസം വിദ്യാർത്ഥികളുടെ പ്രവേശനത്തെ ബാധിക്കും.
നിരവധി വിദ്യാർത്ഥികൾ മടങ്ങിപ്പോകുന്നു
നിരവധി വിദ്യാർത്ഥികളാണ് അധാർ തിരുത്തി ലഭിക്കാതെ മടങ്ങിപ്പോകുന്നത്. സോഫ്ട് വെയർ തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നാണ് അറിയാൻ കഴിഞ്ഞത്. എത്രയുംപെട്ടെന്ന് പരിഹരിച്ചില്ലെങ്കിൽ വിദ്യാർത്ഥികളുടെ പ്രവേശനത്തെ ബാധിക്കും. എന്നത്തേക്ക് പ്രശ്നം പരിഹരിക്കുമെന്ന് അറിയില്ല.
(സൽജിത്ത് പട്ടിത്താനം, അക്ഷയ സെന്റർ സംരംഭകൻ).