കൊച്ചി : പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റ് ക്രമക്കേടിനെക്കുറിച്ച് അന്വേഷിക്കാൻ സ്വതന്ത്ര കമ്മിഷനെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിനോടും തിരഞ്ഞെടുപ്പ് കമ്മിഷനോടും വിശദീകരണം തേടി. മേയ് 17- നകം വിശദീകരണം നൽകണം. 20ന് ഹർജി വീണ്ടും പരിഗണിക്കും .
തിരഞ്ഞെടുപ്പു ഡ്യൂട്ടിയുണ്ടായിരുന്ന പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റുകൾ ഇവരെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും സർക്കാർ അനുകൂലികളായ പൊലീസ് അസോസിയേഷൻ ഭാരവാഹികൾ കൈക്കലാക്കി വോട്ടു രേഖപ്പെടുത്തിയെന്ന് ഹർജിയിൽ പറയുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി ഡി.ജി.പിക്ക് ഇന്റലിജൻസ് എ.ഡി.ജി.പി റിപ്പോർട്ട് നൽകിയിരുന്നെന്നും ഇത് തുടരന്വേഷണത്തിനും പ്രോസിക്യൂഷൻ നടപടികൾക്കുമായി മുഖ്യ തിരഞ്ഞെടുപ്പ് ഒാഫീസർക്ക് കൈമാറിയെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ അന്വേഷണത്തിന് സ്വതന്ത്ര കമ്മിഷനെ നിയോഗിക്കാൻ തിരഞ്ഞെടുപ്പു കമ്മിഷനോടു നിർദ്ദേശിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ ഗുരുതരമായ ക്രമക്കേടാണ് നടന്നതെന്ന് ഹർജിക്കാരൻ വാദിച്ചു. പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റ് കൈപ്പറ്റാനും വോട്ട് രേഖപ്പെടുത്തി തിരിച്ചു നൽകുന്നത് ഉറപ്പാക്കാനും നോഡൽ ഒാഫീസർമാരെ നിയോഗിച്ച് ഡി.ജി.പി ഏപ്രിൽ ഒമ്പതിന് സർക്കുലർ ഇറക്കി. ഇതിന്റെ മറവിലായിരുന്നു ക്രമക്കേടെന്നും സർക്കുലർ റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
തിരഞ്ഞെടുപ്പു കമ്മിഷന്റെ നിർദ്ദേശപ്രകാരമാണ് ഡി.ജി.പി സർക്കുലർ ഇറക്കിയതെന്നും 2014 മുതൽ തുടരുന്ന രീതിയാണിതെന്നും കമ്മിഷൻ വ്യക്തമാക്കി. പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റിൽ ക്രമക്കേടുകൾ നടന്നിട്ടില്ലെന്നും മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലുള്ള ഹർജിയാണിതെന്നും സർക്കാർ അഭിഭാഷകനും വ്യക്തമാക്കി.