കാലടി: കാലടി, ഒക്കൽ ,കോതമംഗലം പ്രദേശങ്ങളിൽ നിന്ന് മൂന്നാറിലേക്ക് വിനോദയാത്ര പോയ സംഘത്തെ ഹോട്ടൽ ജീവനക്കാർ മർദ്ദിച്ചതായി പരാതി. അഞ്ച് പേർ കാലടി മറ്റൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി. കൊച്ചി കോർപ്പറേഷൻ അസിസ്റ്റൻറ് എൻജിനീയർ പി ആർ ഓം പ്രകാശ്, ചേർത്തല മോഡൽ എൻജിനീയറിംഗ് കോളേജ് അസിസ്റ്റൻറ് പ്രൊഫസർ പി ജഗദീഷ് കുമാർ, റിട്ട. ട്രഷറി ഓഫീസർ അജയകുമാർ, ഭാര്യ സതീദേവി, ജഗദീഷ് കുമാറിന്റെ മകൻ ജിതിൻ എന്നിവർക്കാണ് മർദ്ദനമേറ്റത്. . അജയകുമാറിന്റെ മൂക്കിന് പരിക്കുണ്ട്. ഇയാളെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ ഞായറാഴ്ച പത്തംഗസംഘം മൂന്നാറിലെ എസ്.എൻ. ഹോട്ടലിൽ ഓൺലൈൻ വഴി മുറികൾ ബുക്ക് ചെയ്തിരുന്നു. നാലു മുറികൾക്ക് 6400 രൂപ മുൻകൂറായി നെറ്റ് ബാങ്കിംഗ് വഴി അടച്ചു. എന്നാൽ ഞായറാഴ്ച രാത്രി മൂന്നാർ, മാട്ടുപ്പെട്ടി സന്ദദർശനം കഴിഞ്ഞ് 10 മണിിയോടെ മടങ്ങിയെത്തിയ സംഘത്തിന് ഹോട്ടൽ ജീവനക്കാർ മുറി നൽകിയില്ല . ഓൺലൈൻ വഴി മുറികൾ ബുക്ക് ചെയ്തിരുന്നെങ്കിലും കിട്ടേണ്ട തുക കിട്ടിയില്ലെന്നാണ് ഹോട്ടൽ ജീവനക്കാർ പറയുന്നത്. എന്നാൽ പണം കൈപ്പറ്റിയതിന്റെ ബിൽ മൊബൈലിൽ എത്തിയിട്ടുണ്ടെന്ന് സംഘം അറിയിച്ചു. മുറി നൽകാതെ സ്ത്രീകളടക്കമുള്ളവരോട് മോശമായി പെരുമാറിയെന്നും, ഇത് ചോദ്യം ചെയ്തതിനെ തുടർന്ന് അഞ്ച് പേരടങ്ങുന്നജീവനക്കാരുടെസംഘം ആക്രമിക്കുകയായിരുന്നുവെന്നും ഇവർ പരാതിപ്പെട്ടു. മൂന്നാർ പോലിസ് കേസെടുത്തു. രണ്ട് ഹോട്ടൽ ജീവനക്കാരെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു.