ancheri-baby-case
ancheri baby case

കൊച്ചി: മന്ത്രി എം.എം. മണി ഉൾപ്പെട്ട അഞ്ചേരി ബേബി വധക്കേസിൽ കഴിഞ്ഞ സർക്കാർ നിയമിച്ച സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറെ മാറ്റിയ സർക്കാരിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. കഴിഞ്ഞ സർക്കാർ നിയോഗിച്ച അഡ്വ. സിബി ചേനപ്പാടിക്ക് തുടരാമെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി.

മന്ത്രി മണി പ്രതിയായ കേസിൽ രാഷ്ട്രീയ ലക്ഷ്യത്തോടെ സർക്കാർ സ്പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റി പുതിയ ആളെ നിയോഗിച്ചത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഞ്ചേരി ബേബിയുടെ സഹോദരൻ ജോർജ് നൽകിയ ഹർജിയിലാണ് വിധി.

സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറെ മാറ്റിയതിനു പിന്നിൽ രാഷ്ട്രീയ താത്പര്യമുണ്ടെന്ന ഹർജിക്കാരന്റെ ആരോപണത്തിൽ കഴമ്പുണ്ടെന്നും നടപടി സ്വേച്ഛാപരമാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. മന്ത്രിയും സർക്കാരിനെ നയിക്കുന്ന പാർട്ടിയിലെ നേതാക്കളും ഉൾപ്പെട്ട കേസിൽ പ്രോസിക്യൂട്ടറെ മാറ്റിയത് നീതി നിഷേധമാണെന്നായിരുന്നു ഹർജിക്കാരന്റെ വാദം.

രാഷ്ട്രീയക്കാർക്ക് പങ്കുള്ള കേസാണെന്ന വസ്തുത പരിഗണിച്ചു നിയമ പരിചയം കണക്കിലെടുത്താണ് സിബി ചേനപ്പാടിയെ സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. വിചാരണയ്ക്ക് വിട്ട കേസിൽ മൂന്നു പേരെ പ്രതികളാക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ വിട്ടുപോയെന്ന് ചൂണ്ടിക്കാട്ടി സിബി ചേനപ്പാടി ഇവരെക്കൂടി പ്രതിചേർക്കാൻ ഹർജി നൽകിയിരുന്നു.

കേസ് റദ്ദാക്കാൻ പ്രതികൾ നൽകിയ ഹർജി തള്ളിയ സെഷൻസ് കോടതി പ്രോസിക്യൂട്ടറുടെ ആവശ്യം അനുവദിച്ചു. തുടർന്ന് 2018 ജൂലായ് നാലിനാണ് സിബി ചേനപ്പാടിയെ മാറ്റി എൻ.കെ. ഉണ്ണിക്കൃഷ്‌ണനെ നിയമിച്ചത്.

സർക്കാരിന്റെ വാദം

സ്പെഷ്യൽ പ്രോസിക്യൂട്ടറെ കാലാവധി കഴിയും മുമ്പ് നീക്കാൻ അധികാരമുണ്ടെന്നായിരുന്നു സർക്കാരിന്റെ വാദം. ഒരു രാഷ്ട്രീയ കക്ഷിയുടെ നേതാവായിരുന്നു മുൻ പ്രോസിക്യൂട്ടർ. വിചാരണ നടപടികൾ നീതിപൂർവമാകില്ലെന്നു കണ്ടാണ് മാറ്റിയത്. പൊതുതാത്പര്യം പരിഗണിച്ച് ഇത്തരം കാര്യങ്ങളിൽ കാരണം കാണിക്കേണ്ടതില്ല. വിചാരണ നടപടികൾ സത്യസന്ധമാകണമെന്നതാണ് ലക്ഷ്യമെന്നും മികച്ച പരിചയമുള്ള വ്യക്തിയെയാണ് പകരം നിയമിച്ചതെന്നും സർക്കാർ വാദിച്ചു.

ഹൈക്കോടതി പറഞ്ഞത്

രാഷ്ട്രീയ ചായ്‌വുണ്ടെന്ന പേരിൽ പ്രോസിക്യൂട്ടറെ മാറ്റുന്നതും ഇത്തരം കാര്യങ്ങളിൽ രാഷ്ട്രീയം മാനദണ്ഡമാക്കുന്നതും വിപരീത ഫലമുണ്ടാക്കുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഭരണമാറ്റമുണ്ടാകുമ്പോൾ സർക്കാരിന് താത്പര്യമുള്ളവരുടെ പാനലുണ്ടാക്കി സ്പെഷ്യൽ പ്രോസിക്യൂട്ടർമാരെ നിയമിക്കുന്നതിനെ ഹൈക്കോടതി ശക്തമായി വിമർശിച്ചിട്ടും ഫലപ്രദമായ നടപടി ഉണ്ടായില്ല. പ്രോസിക്യൂട്ടറെ മാറ്റിയതു രാഷ്ട്രീയ പരിഗണനയുടെ പേരിലാണെന്ന വാദത്തോടു യോജിക്കുന്നു.

ഈ നടപടി നിലനിൽക്കില്ല. വ്യക്തമായ കാരണമില്ലാതെ നിയമനം റദ്ദാക്കുന്നത് സ്വേച്ഛാപരവും പൊതുനയത്തിനു വിരുദ്ധവുമാണ്. സർക്കാർ തെറ്റായ തീരുമാനമെടുത്താൽ കോടതിക്ക് ഇടപെടാനാവുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

 അഞ്ചേരി ബേബി വധക്കേസ്

1982 നവംബർ 13 നാണ് യൂത്ത് കോൺഗ്രസ് നേതാവ് അഞ്ചേരി ബേബി കൊല്ലപ്പെട്ടത്. രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്നുള്ള കൊലപാതകമെന്ന കേസിൽ വിചാരണക്കോടതിയും പിന്നീട് ഹൈക്കോടതിയും പ്രതികളെ വെറുതേവിട്ടു.

എന്നാൽ 2012 മേയ് 25 ന് തൊടുപുഴ മണക്കാട് ജംഗ്ഷനിൽ എം.എം. മണി നടത്തിയ വിവാദ പ്രസംഗത്തെ തുടർന്ന് കേസ് വീണ്ടും ചർച്ചയായി. മണിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത് പുനരന്വേഷണം ആരംഭിച്ചു.