crime

കൊച്ചി:സ്വർണവും പണവുമാണ് മുത്തുശെൽവന് താത്പര്യം. മോഷണത്തിനിടെ തടഞ്ഞാൽ ക്രൂരമായി കൊല്ലാൻ പാേലും മടിയില്ല. ഇയാളെ 2007ന് ശേഷം കേരള പൊലീസിന് പിടികൂടാനായില്ല.തിങ്കളാഴ്ച രാത്രി നഗരത്തിലെ ഒരു വീട് ഉൾപ്പെടെ അഞ്ച് സ്ഥാപനങ്ങളിൽ മുത്തുശെൽവൻ മോഷണം നടത്താൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ കൊച്ചി സിറ്റി പൊലീസിന് ലഭിച്ചു.

എറണാകുളം ദിവാൻസ് റോഡിലെ ജാൻവി ദന്തൽ ക്‌ളിനിക്കിലേക്കായിരുന്നു മുത്തുശെൽവന്റെ ആദ്യ പ്രവേശനം. തൊട്ടു പിന്നിലെ ഹോട്ടലിനോട് ചേർന്നുള്ള സ്‌ളാബ് പൊക്കാനായി ഉപയോഗിച്ച കമ്പിപ്പാര അവിടെ കിടപ്പുണ്ടായിരുന്നു. അത് ഉപയോഗിച്ച് ക്‌ളിനിക്ക് കുത്തിത്തുറക്കാൻ ശ്രമിക്കുന്നു.പരാജയപ്പെട്ടതോടെ കല്ലിനിടിച്ച് പൂട്ട് തകർത്ത് ഉള്ളിൽ കടന്നെങ്കിലും കാര്യമായൊന്നും തടഞ്ഞില്ല. ഒടുവിൽ ദൈവത്തിന്റെ മുന്നിലിരുന്ന കുടുക്കയിൽ കി‌ടന്ന നോട്ടുമായി കടന്നു. ഇതിനു ശേഷം തൊട്ടടുത്തുള്ള കെ.ആർ.കുറുപ്പിന്റെ വസതിയിലെത്തി. കുറുപ്പിന്റെ ഭാര്യയും വേലക്കാരിയും മാത്രമായിരുന്നു വീട്ടിൽ. വസ്‌ത്രങ്ങൾ മുഴുവൻ വലിച്ചെറിഞ്ഞെങ്കിലും പണമോ സ്വർണമോ അവിടെയുണ്ടായിരുന്നില്ല. പിന്നീട് തൊട്ടടുത്തുള്ള ബൈൻഡിംഗ് സ്ഥാപനത്തിൽ കയറി നാലായിരം രൂപയുമായി മുങ്ങി.അടുത്ത നീക്കം ശ്രീറാം ഫോർച്യൂൺ ഇൻഷ്വറൻസ് സ്ഥാപത്തിലേക്കായിരുന്നു. ജീവനക്കാർക്ക് നൽകാനായി കരുതിവച്ചിരുന്ന ഒരു ഗ്രാമിന്റെ ആറു സ്വർണനാണയങ്ങൾ കൈക്കലാക്കി. ഇതിനു ശേഷം സായ് ക്ഷേത്രത്തിന്റെ ഗേറ്റ് തകർത്തെങ്കിലും മോഷണം നടത്തിയില്ല.

ദന്തൽ ക്ളിനിക്കിലെ സി.സി.‌ടി.വി കാമറയിൽ നിന്നാണ് മുത്തുശെൽവന്റെ ദൃശ്യങ്ങൾ ലഭിച്ചത്. കമ്പിപ്പാരയുമായി പൂട്ട് തകർക്കാൻ ശ്രമിക്കുന്നതും കല്ലുകൊണ്ടിടിക്കുന്നതും വ്യക്തമാണ്. വർഷങ്ങൾക്ക് മുമ്പ് ഹൈക്കാേടതി അഭിഭാഷകന്റെ ഓഫീസ് കുത്തിത്തുറന്ന സംഭവത്തിൽ മുത്തുശെൽവന്റെ വിരലടയാളം ലഭിച്ചിരുന്നു. ആസമയം നോർത്തിലെ സ്ഥാപനത്തിൽ നിന്ന് അഞ്ചു ലക്ഷം രൂപയും അടിച്ചുമാറ്റി. 2007 നു ശേഷം കുറേനാൾ തമിഴ്നാട്ടിലെ ജയിലായിരുന്നുവെന്ന് പറയപ്പെടുന്നു. എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.