സിദ്ധാർത്ഥൻ എന്ന ഞാൻ ഈയാഴ്ചതിയേറ്ററിൽ
കൊച്ചി: പതിനാറുവർഷം പ്രിയതമനുമൊപ്പം കണ്ട സ്വപ്നങ്ങൾ ഇപ്പോൾ തനിച്ച് പൂർത്തീകരിക്കാനുള്ള യാത്രയിലാണ് ആശാപ്രഭ. ഈ വെള്ളിയാഴ്ച ആ സ്വപ്നങ്ങളിലൊന്ന് തീയേറ്ററുകളിലെത്തും. മൂന്നുവർഷം മുമ്പ് ജീവിതത്തിൽ തന്നെ തനിച്ചാക്കി പോയ ഭർത്താവ് നന്ദകുമാർ കാവിലിന്റെ തിരക്കഥയ്ക്ക് ജീവൻ കൊടുക്കുകയാണ് ആശ "സിദ്ധാർത്ഥൻ എന്ന ഞാൻ" എന്ന സിനിമയിലൂടെ.
ഭർത്താവ് എന്നതിലുപരി അടുത്ത കൂട്ടുകാരനായിരുന്നു ആശയ്ക്ക് നന്ദകുമാർ. അദ്ദേഹത്തിന്റെ സിനിമയിൽ സഹായി ആവുകയും തുടർന്ന് സിനിമയോടുള്ള പ്രണയം ജീവിതത്തിൽ ഒന്നിപ്പിക്കുകയുമായിരുന്നു. പതിനാറുവർഷത്തെ ദാമ്പത്യജീവിതത്തിനിടയിൽ ഇരുവരെയും ഒന്നിച്ചല്ലാതെ കണ്ടവരുണ്ടാവില്ല. കേരള സംസ്ഥാന ചലച്ചിത്ര വിതരണ കോർപ്പറേഷനിൽ ആശയും നന്ദകുമാറും ജോലിയ്ക്ക് ചേർന്നതു പോലും ഒരേദിനത്തിൽ! 2016ൽ മകന്റെ പിറന്നാളിന് പിറ്റേനാൾ ഉണ്ടായ ശ്വാസംമുട്ടൽ. ആശുപത്രിയിൽ ഒരു പരിശോധനയ്ക്കായി ചെന്നതാണ് ആശയും നന്ദകുമാറും. . അവിടെ വച്ച് പെട്ടെന്നാണ് നന്ദകുമാർ ആശയെ വിട്ടുപിരിഞ്ഞത്. തനിച്ചായപ്പോഴാണ് ഒന്നിച്ചു കണ്ട സിനിമാസ്വപ്നങ്ങളൊക്കെ എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന് ആശയ്ക്ക് തോന്നിയത്. . എന്നാൽ അതിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ല. തിരക്കഥയിൽ അത്യാവശ്യം വേണ്ട തിരുത്തലുകളോടെ സിനിമയ്ക്കായുള്ള ശ്രമം തുടങ്ങി. സിനിമ നിർമ്മിക്കാമെന്നേറ്റ നിർമ്മാതാവിന്റെ ചില തിരുത്തലുകൾ അംഗീകരിക്കാനാവില്ല എന്ന് മനസ്സിലായപ്പോൾ നിർമ്മാതാവിനെ തന്നെ വേണ്ടെന്ന് വച്ചു. സ്വപ്നം പാതിയിൽ ഉപേക്ഷിക്കേണ്ടി വരുമെന്ന ഘട്ടത്തിൽ വീട്ടുകാരും സുഹൃത്തുക്കളും പിന്തുണയുമായെത്തി. നിർമ്മാതാവിന്റെ വേഷം അച്ഛൻ പ്രഭാകരൻ നായർ ഏറ്റെടുത്തതോടെ വീണ്ടും സിനിമയ്ക്ക് ജീവൻ വച്ചു. നന്ദകുമാറിന്റെ യു കാൻ ഡു എന്ന സിനിമ നിർമ്മിച്ചതിന്റെ അനുഭവവും ആശയ്ക്ക് തുണയായി. സുഹൃത്തുക്കൾ ടെക്നീഷ്യന്മാരായി. പലപ്പോഴും പത്തുപേരുടെ ജോലി ഒറ്റയ്ക്ക് ചെയ്യേണ്ടി വന്നു. രാവിലെ ആറിന് വീട്ടിൽ നിന്നിറങ്ങിയാൽ രാത്രി 12ന് വീട്ടിൽ തിരികെ കയറുന്ന ദിവസങ്ങൾ. അമ്മയുടെ സ്വപ്നങ്ങൾക്ക് കാവലായി മക്കൾ ആദിത്യനും ആദിനാഥനും ഒന്നിച്ചു നിന്നതോടെ ആശ ലക്ഷ്യത്തിലെത്തുക തന്നെ ചെയ്തു. ഏതാനും തീയേറ്ററുകളിൽ മാത്രമേഎത്തുവെങ്കിലും സിനിമ പ്രേക്ഷകർക്ക് മുന്നിലെത്തിക്കാനാവുന്നതിന്റെ സന്തോഷത്തിലാണ് വൈക്കം സ്വദേശിനിയായആശപ്രഭ .