drug-smuggling

കൊച്ചി : ഏത് സമയത്തും ഏത് വഴികളിലൂടെ സഞ്ചരിക്കാം. എവിടെയും കയറിച്ചെല്ലാം. കോടികളുടെ ലഹരി കൈമാറി കൂളായി മടങ്ങാം. ഇതൊക്കെ ചെയ്യാൻ കൊച്ചി നഗരത്തിൽ ഓൺലൈൻ ഡെലിവറി ബോയി ഉപയോഗിക്കുന്ന വസ്ത്രവും ബാഗും ധരിച്ചാൽ മാത്രം മതി. പൊലീസ് പോലും സംശയിക്കില്ല. നഗരത്തിൽ ലക്ഷങ്ങളുടെ ഹാഷിഷുമായി മലപ്പുറം സ്വദേശി എക്‌സൈസ് പിടിയിലായതോടെയാണ് ഡെലിവറി ബോയ്‌സിനെ ഉപയോഗിച്ച് പോക്കറ്റ് വീർപ്പിക്കുന്ന ലഹരി മാഫിയയുടെ പുതിയ തന്ത്രം എത്രത്തോളം ശക്തി പ്രാപിച്ചെന്ന് തിരിച്ചറിഞ്ഞത്.

ലഹരി കൈമാറ്റം വ്യാപകമാണെന്ന കണ്ടെത്തലിന് പിന്നാലെ ശക്തമായ പരിശോധനയ്‌ക്കൊരുങ്ങുകയാണ് എക്‌സൈസ്. ഹാഷിഷ് കൈമാറ്റം നടത്തിയ കേസിൽ പെരിന്തൽമണ്ണ പാലത്തോൾ സ്വദേശി വടക്കേപൊതുവാട്ടിൽ നികേഷിന്റെ (27) അറസ്റ്റോടെയാണ് എക്‌സൈസ് രണ്ടും കൽപ്പിച്ച് കളത്തിലിറങ്ങുന്നത്. ഐ.ടി. സെല്ലിന്റെ സഹായത്തോടെയാണ് പരിശോധന. ഭക്ഷണവിതരണത്തിനായി ഉപയോഗിക്കുന്ന ബാഗുകൾ പരിശോധിക്കുന്നത് പ്രായോഗികമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നീക്കം.

അതേസമയം, ഗോവയിൽ നിന്നും ഓൺലൈൻ വഴി ഹാഷിഷ്, എം.ഡി.എം.എ, എൽ.എസ്.ഡി തുടങ്ങിയ ന്യൂജെൻ ഐറ്റങ്ങൾ എത്തിച്ച് വില്പന നടത്തിയ കേസിൽ മൂന്ന് യുവാക്കൾ ഒളിവിലാണ്. അറസ്റ്റിലായ നികേഷിന്റെ സുഹൃത്തുക്കളാണ് ഇവർ. ഒളിവിൽ കഴിയുന്നവരുടെ പേരുവിവരങ്ങൾ എക്സൈസിന് ലഭിച്ചിട്ടുണ്ട്. വൈകാതെ അറസ്റ്റുണ്ടാകുമെന്നാണ് എക്സൈസ് നൽകുന്ന വിവരം. ഗോവയിലെ ഒരു ജൂസ് കടക്കാരനാണ് മുഖ്യപ്രതി. ഓൺലൈൻ ഭക്ഷണ വിതരണ കമ്പനിയുടെ രജിസ്‌ട്രേഷന്റെ മറവിൽ മൊബൈലും ബൈക്കും ഉപയോഗിച്ചാണ് നികേഷും സംഘവും ലഹരി വില്പന പൊടിപൊടിച്ചിരുന്നത്. ഓൺലൈൻ മാർക്കറ്റിംഗ് എന്ന പേരിൽ കലൂർ ഭാഗത്തുള്ള ഒരു ഹോസ്റ്റലിലാണ് നികേഷ് താമസിച്ചിരുന്നത്. നിശ്ചിത കമ്മിഷൻ വ്യവസ്ഥയിലായിരുന്നു ലഹരി വില്പന. ഇയാളുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ച് വരികയാണ്.

ആൾതാമസം ഇല്ലാത്ത വീടുകൾ വാടകയ്ക്ക് എടുത്ത് നടത്തുന്ന അനധികൃത ഹോസ്റ്റലുകളിലാണ് വില്പനയ്ക്കായി കൊണ്ടുവരുന്ന മയക്കുമരുന്നുകൾ സൂക്ഷിക്കുന്നതെന്ന് എക്‌സൈസ് കണ്ടെത്തിയിട്ടുണ്ട്. നേരത്തെ മരടിൽ നിന്ന് ഓൺലൈൻ ഭക്ഷണ വിപണനത്തിന്റെ മറവിൽ എം.ഡി.എം.എ, ഹാഷിഷ്, കഞ്ചാവ് എന്നിവ വില്പന നടത്തിയ യുവാക്കളെ പൊലീസും എക്സൈസും പിടികൂടിയിരുന്നു. വൻ തുകയിൽ വാടകയ്ക്ക് ഫ്ലാറ്റെടുത്തായിരുന്നു ഇവരുടെയും കച്ചവടം.