കൊച്ചി : കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുന്നതിന് സമീപിക്കുന്ന പിതാവിനെ പോക്സോ കേസിൽ കുടുക്കുന്ന പ്രവണത കൂടുകയാണെന്നും കുടുംബകോടതികൾ ജാഗ്രത പാലിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. മലപ്പുറം ജില്ലയിലെ പിതാവിന് അഞ്ചു വയസുകാരിയായ മകളെ വിട്ടുനൽകാൻ കുടുംബകോടതി വിധിച്ചതിനെതിരെ അമ്മയുടെ മാതാപിതാക്കൾ നൽകിയ അപ്പീൽ തള്ളിയാണ് ഡിവിഷൻബെഞ്ചിന്റെ പരാമർശം.
പോക്സോ (കുട്ടികൾക്കു നേരെയുള്ള ലൈംഗികാതിക്രമം തടയൽ നിയമം) നിയമപ്രകാരം കേസെടുത്തതുകൊണ്ടു മാത്രം പിതാവിനെതിരായ ആരോപണം ശരിയാവണമെന്നില്ല. പിതാവ് പീഡിപ്പിച്ചെന്ന പരാതി അപൂർവം കേസുകളിൽ ശരിയാകാറുണ്ടെങ്കിലും ഭൂരിപക്ഷം കേസുകളിലും ആരോപണം കളവാണെന്ന് തെളിയുന്നുണ്ട്. പിതാവിനെതിരായ പോക്സോ കേസിലെ യഥാർത്ഥ സാഹചര്യമെന്തെന്ന് കണ്ടെത്താനുള്ള ആത്മാർത്ഥമായ പരിശ്രമം കുടുംബകോടതിയിൽ നിന്നുണ്ടാകണം. ജാഗ്രത കാട്ടിയില്ലെങ്കിൽ കുട്ടിയുടെ സംരക്ഷണം തേടി കോടതിയെ സമീപിക്കുന്ന നിരപരാധിയായ പിതാവ് പോക്സോ കള്ളക്കേസിന് ഇരയാകും. കുട്ടിയുടെ നിയമപരമായ സംരക്ഷണം വിട്ടുകിട്ടാനുള്ള അവകാശത്തെ കോടതിയിൽ എതിർത്തു തോല്പിക്കാനുള്ള ചതിയുടെ ഭാഗമായാണോ പോക്സോ കേസെന്ന് പരിശോധിക്കേണ്ട ഉത്തരവാദിത്വം കുടുംബകോടതിക്കുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.
അമ്മ മരിച്ചുപോയ കുട്ടിയുടെ സംരക്ഷണം വിട്ടുകിട്ടാൻ പിതാവ് നൽകിയ ഹർജി നേരത്തേ കുടുംബകോടതി അനുവദിച്ചിരുന്നു. എന്നാൽ ഇതിനെതിരെ അമ്മയുടെ മാതാപിതാക്കൾ നൽകിയ അപ്പീലിൽ പിതാവ് കുട്ടിയെ പീഡിപ്പിച്ചതിന് കേസ് നിലവിലുണ്ടെന്നാണ് ആരോപിച്ചിരുന്നത്. എന്നാൽ ഇതിന് തെളിവില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.