ഫോർട്ട് കൊച്ചി: പ്രധാന ടൂറിസം കേന്ദ്രമായ ഫോർട്ട്‌കൊച്ചി ലഹരി മരുന്നിന്റെ കേന്ദ്രമായി .നേരത്തേ ചെറുകിട കഞ്ചാവ് കച്ചവടക്കാർ മാത്രമുണ്ടായിടത്ത് ഇപ്പോൾ വൻ ലോബികളാണ് പ്രവർത്തിക്കുന്നത്.അനധികൃത ഹോംസ്റ്റേകൾ കേന്ദ്രീകരിച്ചാണ് ലഹരി മരുന്ന് വിൽപ്പന .വൻകിട ഹോട്ടലുകളിൽ പാർട്ടിക്കും മറ്റും എത്തുന്നവർക്കായി ലഹരി മരുന്ന് എത്തിച്ച് കൊടുക്കാനുള്ള സംഘവും ഫോർട്ട്‌കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്.സിനിമ ഷൂട്ടിംഗ് പതിവായി നടക്കാറുള്ള ഇവിടെ അഭിനേതാക്കൾക്കും ജീവനക്കാർക്കും ലഹരി മരുന്ന് എത്തിച്ച് നൽകുന്ന സംഘവും പ്രവർത്തിക്കുന്നുണ്ട്.കഴിഞ്ഞ ദിവസം എക്‌സൈസിന്റെ നേതൃത്വത്തിൽ ഫോർട്ട്‌നഗറിലെ ഹോംസ്റ്റേയിൽ നടത്തിയ പരിശോധനയിൽ കഞ്ചാവുമായി സിനിമാ നടനേയും കാമറാമാനേയും അറസ്റ്റ് ചെയ്തിരുന്നു.ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് സിനിമ രംഗത്ത് പ്രവർത്തിക്കുന്നവർക്കായി ലഹരി മരുന്ന് എത്തിക്കുന്ന സംഘം സജീവമാണെന്ന വിവരം ലഭിക്കുന്നത്. എക്‌സൈസ് ജാഗ്രത പുലർത്തുന്നുവെന്ന് മനസ്സിലാക്കിയ സംഘം ഇപ്പോൾ കരുതലോടെയാണ് മുന്നോട്ട് പോകുന്നത്.എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ശശി കുമാർ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ഓൺലൈൻ ഭക്ഷണ വിതരണത്തിന്റെ മറവിൽ ഹാഷീഷ് വിൽപ്പന നടത്തിയ പ്രതിയെ പിടികൂടിയിരുന്നു..ഇത്തരം സംഘങ്ങളെ തുരത്തുന്നതിന് കൂടുതൽ സൗകര്യങ്ങളുള്ള പൊലീസ് പക്ഷെ ഇതിന് ശ്രമിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.