malinyam
എം.സി. റോഡരുകിൽ പേഴയ്ക്കാപ്പിള്ളിയിലെ കെ.എസ്.ഇ.ബി സബ് സ്റ്റേഷനു സമീപത്തെ മാലിന്യക്കൂമ്പാരം

മൂവാറ്റുപുഴ: നാടെങ്ങും മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ സജീവമാകുന്നതിനിടെ മാലിന്യനീക്കമേ ഇല്ലാത്തതിനാൽ പായിപ്ര ഗ്രാമ പഞ്ചായത്തിൽ പകർച്ചവ്യാധി ഭീഷണി. പഞ്ചായത്തിൽ മാലിന്യങ്ങൾ സംസ്കരിക്കുന്നതിന് സ്ഥലമില്ലാത്തതിനാൽ വർഷങ്ങളായി മാലിന്യനീക്കം നിലച്ചിരിക്കുകയാണ്. പ്രധാന കേന്ദ്രങ്ങളായ പായിപ്ര കവല, പേഴയ്ക്കാപ്പിള്ളി പള്ളിപ്പടി, പള്ളിച്ചിറങ്ങര, തൃക്കളത്തൂർ, പെരുമറ്റം, മുളവൂർ, പായിപ്ര തുടങ്ങിയ പ്രദേശങ്ങളിൽ മാലിന്യങ്ങൾ കെട്ടിക്കിടന്ന് ചീഞ്ഞളിയുന്നു. ഇടയ്ക്കിടെ പെയ്യുന്ന മഴ പ്രശ്നം ഒന്നുകൂടി സങ്കീർണമാക്കുന്നു. പഞ്ചായത്ത് ഭരണാധികാരികളും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ഇതൊന്നും കണ്ട മട്ട് കാണിക്കുന്നില്ല.

വർഷങ്ങൾക്കുമുമ്പ് പഞ്ചായത്തിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും സംസ്കരിക്കുന്നതിനും സൗകര്യങ്ങൾ ഒരുക്കിയിരുന്നു. പായിപ്രയുടെ മാലിന്യങ്ങൾ സംസ്കരിക്കുന്നതിന് മൂവാറ്റുപുഴ നഗരസഭയുടെ മാലിന്യ സംസ്കരണ കേന്ദ്രമായ വളക്കുഴിക്ക് സമീപം പഞ്ചായത്ത് മാലിന്യസംസ്കരണ പ്ലാന്റ് നിർമ്മിക്കുന്നതിനായ 40 സെന്റ് സ്ഥലവും ഒരു ടിപ്പറും വാങ്ങിയിരുന്നു. ഇൗ സ്ഥലത്ത് പ്ലാന്റ് ആരംഭിക്കുന്നതിനായി പഞ്ചായത്ത് നീക്കം ആരംഭിച്ചതോടെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് പ്രശ്നം കോടതിയിലെത്തിയതോടെ പ്ലാന്റിന്റെ നിർമ്മാണം നിലച്ചു.

തുടർന്ന് പഞ്ചായത്ത് വിവിധ പ്രദേശങ്ങളിൽ നിന്നും ടിപ്പറിൽ ശേഖരിക്കുന്ന മാലിന്യങ്ങൾ പായിപ്ര, മാനാറി ഭാഗങ്ങളിലെ പാറക്കുഴികളിലും സ്വകാര്യ വ്യക്തികളുടെ സ്ഥലത്തുമാണ് നിക്ഷേപിച്ചുകൊണ്ടിരുന്നത്.ഇതിനെതിരെ പ്രതിഷേധം ഉയർന്നതോടെ ഇതും നിലച്ചു. വർഷങ്ങളായി ഉപയോഗിക്കാതിരുന്നതിനാൽ ടിപ്പറും ഉപയോഗ ശൂന്യമായി.

മാലിന്യക്കൂമ്പാരം ഇവിടങ്ങളിൽ

എം.സി റോഡരികിൽ പായിപ്ര കവലയിൽ നടപ്പാതയിലാണ് മാലിന്യക്കൂമ്പാരം. കീച്ചേരിപ്പടി ഇരമല്ലൂർ റോഡിൽ നിരപ്പ് എഫ്. സി കോൺവെന്റിനു സമീപം അറവുമാലിന്യങ്ങൾ, മത്സ മാർക്കറ്റിൽ നിന്നുള്ള മാലിന്യങ്ങൾ , ഇൗ മാലിന്യങ്ങൾ എന്നിവ നിക്ഷേപിക്കുന്നു. അമ്പലംപടി വീട്ടൂർ റോഡിൽ വീട്ടൂർ വനത്തിനോടു ചേർന്ന് മാലിന്യനിക്ഷേപം പതിവായി.

ഇരപ്പിൽ തോട്, മുളവൂർ തോട്, പാപ്പാള തോട്, പെരിയാർ വാലി കനാലുകൾ, തമ്പതോട്, കൽച്ചിറകൂടാതെ പായിപ്ര മാനാറി, നിരപ്പ് ഭാഗങ്ങലിലെ പാറമടകളിലെല്ലാം മാലിന്യനിക്ഷേപ കേന്ദ്രങ്ങളായി.