onlline
എറണാകുളം ഗ്രാൻഡ് ഹോട്ടലിൽ ഓൺലൈൻ ടാക്സി സർവ്വീസായ പിയുവിന്റെ ലോഗോ പ്രകാശനം പി.ടി. തോമസ് എം.എൽ.എ. നിർവഹിക്കുന്നു. മൈൻഡ് മാസ്റ്റർ ടെക്നോളജി സഹ സ്ഥാപകരായ അശോക് ജോർജ് ജേക്കബ്, രമേഷ് ജി.പി, ശിവദാസൻ നായർ, സി.എച്ച്.ആർ.ഒ. അനിൽ നായർ, സി.ടി.ഒ. ആനന്ദ് നായർ, റീജിയണൽ മാനേജർ ശ്രീകുമാർ എന്നിവർ സമീപം

കൊച്ചി : വൻകിട കമ്പനികൾ കൈയടക്കിയ ഓൺലൈൻ ടാക്സി രംഗത്ത് ഇനി സ്വദേശി സംരംഭവും. കാർ, ഓട്ടോറിക്ഷാ ഡ്രൈവർമാർക്കും യാത്രക്കാർക്കും ഒരുപോലെ ഗുണകരമായ സേവനം നൽകുന്ന ഓൺലൈൻ ടാക്സിയായ 'പിയു' സർക്കാർ നിശ്ചയിക്കുന്ന നിരക്കേ ഈടാക്കൂ.

കൊച്ചിയിൽ നൂറ് കാറുകളുമായാണ് പിയു സേവനം ആരംഭിച്ചത്. ഇരുപതിനായിരം വാഹനങ്ങളെ പിയുവിന്റെ ഭാഗമാക്കുകയാണ് ലക്ഷ്യം. മറ്റു നഗരങ്ങളിലേക്കും സേവനം വ്യാപിപ്പിച്ച് 70,000 വാഹനങ്ങളാക്കും. മൊബൈൽ ആപ്പ് ഉപയോഗിച്ച് നഗര, ഗ്രാമ ഭേദമില്ലാതെ ടാക്സി വിളിക്കാമെന്ന് വമൈൻഡ് മാസ്റ്റർ ടെക്നോളജി സഹസ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ അശോക് ജേക്കബ് ജോർജ് പറഞ്ഞു.

സർക്കാർ നിരക്ക്

സംസ്ഥാന സർക്കാർ നിശ്ചയിക്കുന്ന നിരക്കായിരിക്കും പിയു ഈടാക്കുക. അധികത്തുകയോ മറച്ചുവച്ച നിരക്കുകളോ ഉണ്ടാകില്ല. നിലവിലെ ഓപ്പറേറ്റർമാർ വാങ്ങുന്ന നിരക്കിനെക്കാൾ വലിയ വർദ്ധനവുണ്ടാകില്ല. നഗരങ്ങളിൽ മാത്രമല്ല, ഗ്രാമീണ മേഖലയിലും പിയു ലഭ്യമാകും. എറണാകുളം ജില്ലയുടെ എല്ലാ ഭാഗങ്ങളിലേക്കും സേവനം വ്യാപിപ്പിക്കും.

സ്ഥിരം യാത്രക്കാർക്ക് ആനുകൂല്യങ്ങളും ലഭ്യമാക്കും. പിയു ആപ്പ് ഡൗൺലോഡ് ചെയ്തവർ മറ്റ് അഞ്ചുപേർക്ക് ശുപാർശ ചെയ്യുകയും അവർ ഒരു യാത്രയെങ്കിലും നടത്തിയാൽ ഗോൾഡൻ കസ്റ്റമർ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തും. പ്രതിമാസം നാലിൽ കുറയാത്ത യാത്ര നടത്തുന്നവർക്ക് ആനുകൂല്യങ്ങൾ .ലാഭത്തിന്റെ പങ്കും നൽകും.

ഡ്രൈവർ സൗഹൃദപരം

യൂബർ, ഒല തുടങ്ങിയ വൻകിട കമ്പനികൾ തുടക്കമിട്ട ഓൺലൈൻ ടാക്സിയെ കൂടുതൽ സൗഹൃദപരമാക്കിയാണ് കടവന്ത്ര കേന്ദ്രമായ പിയു പ്രവർത്തിക്കുക. വൻകിട കമ്പനികൾ യാത്രാനിരക്കിന്റെ 26 ശതമാനം തുക ഡ്രൈവർമാരിൽ നിന്ന് ഈടാക്കുന്നുണ്ട്. ദിവസം ശരാശരി മൂവായിരം രൂപയ്ക്ക് ഓടുമ്പോൾ 780 രൂപ നൽകണം. പ്രതിവർഷം 2,34,000 രൂപ. വാഹനത്തിന്റെ ചെലവുകൾ കഴിഞ്ഞാൽ ശരാശരി 21 ശതമാനം തുകയേ ഡ്രൈവർക്ക് ലഭിക്കൂ.

കമ്മിഷൻ ഈടാക്കുന്നില്ലെന്ന് പിയു പറയുന്നു. വാർഷിക വരിസംഖ്യയായി 19,200 രൂപ വീതം നൽകിയാൽ മതി. ഇതുവഴി വരുമാനത്തിന്റെ 46 ശതമാനം ഡ്രൈവർക്ക് ലഭിക്കുമെന്നാണ് വാഗ്ദാനം.

തുടക്കം കൊച്ചിയിൽ

കൊച്ചിയിൽ ആരംഭിച്ച പിയു തിരുവനന്തപുരം, കോട്ടയം, തൃശൂർ, കണ്ണൂർ, കൊല്ലം, മലപ്പുറം ജില്ലകളിലും വ്യാപിപ്പിക്കും. ആറു മാസത്തിനകം എണ്ണൂറ് വാഹനങ്ങൾ നിരത്തിലെത്തിക്കും.

പിയുവിനെപ്പറ്റി

കൊച്ചി ആസ്ഥാനമായ മൈൻഡ് മാസ്റ്റർ ടെക്നോളജി എന്ന സ്റ്റാർട്ടപ്പാണ് സംരംഭത്തിന് പിന്നിൽ. രമേഷ് ജി.പി., ശിവദാസൻ നായർ എന്നിവരാണ് സ്ഥാപകർ. പി.ടി. തോമസ് എം.എൽ.എ പിയുവിന്റെ ലോഗോ പ്രകാശനം നിർവഹിച്ചു.