road
നവീകരണം പൂർത്തിയാക്കിയ മാർക്കറ്റ് ബസ് സ്റ്റാൻഡ് റോഡ്‌

മൂവാറ്റുപുഴ: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ എവറസ്റ്റ് ജംഗ്ഷൻ കാവുങ്കര മാർക്കറ്റ് ബസ് സ്റ്റാൻഡ് റോഡ് നവീകരണം യാഥാർത്ഥ്യമായി. പൊതുമരാമത്ത് വകുപ്പിൽ നിന്ന് അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചായിരുന്നു റോഡ് നവീകരണം. ഇതിന്റെ ഭാഗമായി കോതമംഗലം മൂവാറ്റുപുഴ റോഡിലെ എവറസ്റ്റ് ജംഗ്ഷനിൽ നിന്നാരംഭിച്ച് കാവുംങ്കര മാർക്കറ്റ് ബസ് സ്റ്റാൻഡ് വരെയുള്ള റോഡും ചന്തക്കടവ് റോഡും സെൻട്രൽ ജുമാമസ്ജിദ് റോഡും ബി.എം.ബി.സി നിലവാരത്തിൽ ടാറിംഗ് പൂർത്തിയാക്കി. ഇതോടൊപ്പം റോഡിലെ വെള്ളക്കെട്ടുള്ള ഭാഗങ്ങളിലെ ഓടകൾ ആഴം കൂട്ടി നവീകരിച്ചു. മൂവാറ്റുപുഴയിലെ അതിപുരാതന റോഡുകളിലൊന്നാണിത്. നൂറു കണക്കിന് വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതിനു പുറമേ നിരവധി കുടുംബങ്ങളും ഇവിടെ തിങ്ങിത്താമസിക്കുന്നുണ്ട്.

റോഡ് നവീകരണം പൂർത്തിയായതോടെ മദ്ധ്യ കേരളത്തിലെ പുരാതന മാർക്കറ്റുകളിലൊന്നായ കാവുങ്കരയുടെ വികസനത്തിൽ വഴിതിരിവാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒപ്പം കാവുംങ്കര മാർക്കറ്റ് ബസ് സ്റ്റാൻഡിന്റെയും ഇവിടുത്തെ വ്യാപാര മേഖലയുടെ പ്രവർത്തനങ്ങളും ഇതോടെ സജീവമാകുമെന്നും എൽദോ എബ്രഹാം എംഎൽ.എ പറഞ്ഞു.

റോഡ് നവീകരിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. സമീപ റോഡുകളെല്ലാം ഉന്നത നിലവാരത്തിൽ നിർമ്മാണം പൂർത്തിയാക്കിയിട്ടും ഈ റോഡിന്റെ നവീകരണം അനന്തമായി നീളുകയായിരുന്നു. റോഡ് ശോച്യാവസ്ഥയിലാകുമ്പോൾ വ്യാപാരികളിൽ നിന്നും പ്രതിഷേധം ഉയരുകയും അറ്റകുറ്റപ്പണികൾ നടത്തുകയായിരുന്നു പതിവ്. കാൽനടയാത്ര പോലും ദുസഹമായ റോഡ് നവീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. ഇതോടെയാണ് നവീകരണത്തിന് ഫണ്ട് അനുവദിച്ചത്. മൂവാറ്റുപുഴ കോതമംഗലം റോഡിന്റെ സമാന്തര റോഡെന്ന നിലയിലും റോഡിന് പ്രാധാന്യമുണ്ട്. കോതമംഗലം ഭാഗത്ത് നിന്നും വരുന്ന വലിയ വാഹനങ്ങളും ബസുകളും ഈ റോഡിലൂടെയാണ് മൂവാറ്റുപുഴ ടൗണിലേക്ക് എത്തുന്നത്. ഇത് കൂടാതെ തൊടുപുഴ, പിറവം ഭാഗത്ത് നിന്നും വരുന്ന സ്വകാര്യ ബസുകൾ കാവുങ്കര ബസ്റ്റാന്റിൽ നിന്നും ഇതിലൂടെയാണ് മൂവാറ്റുപുഴ ടൗണിലേക്ക് പ്രവേശിക്കുന്നത്. ഈ റോഡിന്റെ ഭാഗമായ റോട്ടറി റോഡിന്റെ പുനർനിർമ്മാണത്തിന് നഗരസഭ 25 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.