കൊച്ചി: കുന്നത്തുനാട്ടിൽ 15 ഏക്കർ നിലം നികത്താൻ ഭൂമാഫിയയ്ക്ക് അനുവാദം നൽകിയ സർക്കാർ ഉത്തരവിനെക്കുറിച്ച് സമഗ്രമായ വിജിലൻസ് അന്വേഷണം വേണമെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബെഹ്നാൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ഉത്തരവ് മരവിപ്പിച്ചതിന് പകരം റദ്ദാക്കണം. കഴിഞ്ഞ ഒരു വർഷത്തിനിടെ സംസ്‌ഥാനത്ത്‌ നടന്ന ഭൂമിയിടപാടുകളെല്ലാം അന്വേഷി​ക്കണം. കണ്ണായ സ്‌ഥലം കൈയടക്കാൻ വിവാദ വ്യവസായി ഫാരിസ് അബൂബക്കറിന്റെ നേതൃത്വത്തിൽ നടന്ന അനധികൃത ഇടപാടിൽ പങ്കാളികളായ രാഷ്ട്രീയ, ഉദ്യോഗസ്‌ഥ കണ്ണി​കളെ പുറത്തുകൊണ്ടുവരണം.

2008 ൽ നെൽവയൽ തണ്ണീർത്തട നിയമം പ്രാബല്യത്തിൽ വരുമ്പോൾ കരഭൂമി അല്ലാത്തതിനാൽ വിവാദമായ 15 ഏക്കർ ഇപ്പോഴും ഡേറ്റ ബാങ്കിലുള്ള നിലമാണ്. റവന്യൂ മന്ത്രിയെ പോലും നോക്കുകുത്തിയാക്കിയാണ് വിരമിക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ റവന്യൂ അഡിഷണൽ സെക്രട്ടറിയായിരുന്ന പി.എച്ച്. കുര്യൻ നിലം നികത്താൻ അനുമതി നൽകിയത്.

2018 നവംബർ 24 നു ലഭിച്ച അപേക്ഷ 30 ന് പി.എച്ച്. കുര്യൻ തന്നെയാണ് നിയമവകുപ്പിന്റെ ഉപദേശം തേടാൻ വിട്ടത്. 2019 ജനുവരി ഏഴിന് ഉപദേശം തേടാതെ നിയമ വകുപ്പിൽ നിന്ന് ഫയൽ തിരികെ വാങ്ങി. തൊട്ടടുത്ത ദിവസം ഇറങ്ങിയ ഉത്തരവിൽ ഹിയറിംഗ് നടത്തി ഒരാഴ്ചക്കുള്ളിൽ തീരുമാനം എടുക്കാൻ കുര്യൻ ഉത്തരവിട്ടു. 16 ലെ ഹിയറിംഗിനു ശേഷം 29 ന് നിലം നികത്താൻ അനുമതി നൽകി പി.എച്ച്. കുര്യൻ ഉത്തരവിറക്കി. തൊട്ടടുത്ത ദിവസം സർവീസിൽ നിന്ന് വിരമിച്ചു.

അന്ന് ഇറങ്ങിയ ഉത്തരവിൽ ഫാരിസ് അബൂബക്കറിന്റെ സ്പീക് കമ്പനി നിരത്തിയ വാദങ്ങൾ മാത്രമാണുണ്ടായിരുന്നത്. ഹിയറിംഗിൽ സർക്കാരിന് വേണ്ടി ഡെപ്യൂട്ടി കളക്ടർ ബോധിപ്പിച്ച കാര്യങ്ങളൊന്നും ഉത്തരവിലില്ല. ആദ്യം തയ്യാറാക്കിയ ഉത്തരവ് പിൻവലിച്ച ശേഷമാണ് രണ്ടാമത് അനുമതി നൽകിയ ഉത്തരവ് പുറത്തിറങ്ങിയത്.

വിജിലൻസ് അന്വേഷണത്തിന് അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കും.

വിഷയത്തിൽ ഇടപെടാൻ വി.എസ്. അച്യുതാനന്ദന് യു.ഡി.എഫ് കത്ത് നൽകും. ഉത്തരവുകൾ തയ്യാറാക്കിയ കമ്പ്യൂട്ടറുകൾ പിടിച്ചെടുക്കണം. ഫയലുകളുടെയെല്ലാം ഇ മെയിലുകൾ വിദേശത്തേക്ക് പോയത് ആർക്കുവേണ്ടിയാണെന്ന് വ്യക്തമാക്കണമെന്നും ബെന്നി ബെഹനാൻ പറഞ്ഞു.