choornikkara-land-scan

കൊച്ചി: ചൂർണിക്കരയിൽ നിലം നികത്താൻ വ്യാജരേഖ ചമച്ച സംഭവത്തിൽ ഇടനിലക്കാരനായ അബു, ലാൻഡ‌് റവന്യു കമ്മിഷണറേറ്റിലെ ഓഫീസ‌് അസിസ‌്റ്റന്റ‌് കെ. അരുൺകുമാർ എന്നിവരെ പ്രതിയാക്കി എറണാകുളം വിജിലൻസ് യൂണിറ്റ് കേസെടുത്തു. ഇന്ന് പ്രഥമ വിവര റിപ്പോർട്ട് മൂവാറ്റുപുഴ കോടതിയിൽ സമർപ്പിക്കും. അബുവാണ് ഒന്നാം പ്രതി. ആലുവ പൊലീസ് രജിസ്‌റ്റർ ചെയ്‌ത കേസിൽ അറസ്‌റ്റിലായ ഇരുവരും ജയിലിലാണ്. ദേശീയ പാതയോട‌് ചേർന്ന‌് കോടികൾ വിലയുള്ള 71 സെന്റ‌് തണ്ണീർത്തടം നികത്തി പുരയിടമാക്കാൻ കമ്മിഷണറേറ്റിലെ ഉത്തരവിന്റെ വ്യാജ രേഖയാണുണ്ടാക്കിയത്. അരുണാണ‌് വ്യാജ ഉത്തരവിൽ കമ്മിഷണറേറ്റിലെ സീലും ഒപ്പും വച്ചത്. ഇവർ ജില്ലയിൽ സമാനമായ രീതിയിൽ വ്യാജരേഖ നിർമിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. വിജിലൻസ് എറണാകുളം റേഞ്ച് എസ്‌.പി കെ. കാർത്തികിന്റെ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി ടി.എം. വർഗീസാണ് അന്വേഷണം നടത്തുന്നത്.