കൊച്ചി : പുകവലിക്കെതിരെ ബോധവത്കരണം എന്ന ലക്ഷ്യവുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് ശ്രീഹരിയെന്ന എട്ടാംക്ളാസുകാരൻ. ശ്രീഹരി ചെയ്ത 'പുക ദി കില്ലിംഗ് സ്മോക്ക്' എന്ന മലയാളം ഷോർട്ട് ഫിലിമിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 12ന് കടവന്ത്ര ശിശുസൗഹൃദ പൊലീസ് സ്റ്റേഷനിൽ ഐ.ജി പി.വിജയൻ നിർവഹിക്കും.
കടവന്ത്ര പൊലീസ് സ്റ്റേഷനിലെ ജനസമിതി അംഗമാണ് ശ്രീഹരിയുടെ പിതാവ് രാജേഷ് രാമകൃഷ്ണൻ. പൊലീസ് സ്റ്റേഷനിലെ പ്രവർത്തനങ്ങൾ കണ്ടിട്ടാണ് ബോധവത്കരണം നടത്തണമെന്ന ആഗ്രഹം ശ്രീഹരിക്കുണ്ടായത്. അങ്ങനെ മുമ്പ് ചെയ്ത ഷോർട്ട് ഫിലിമുകളുടെ പരിചയത്തിൽ കഥയും തിരക്കഥയും ഒരുക്കി. കാമറയും സംവിധാനവും എഡിറ്റിംഗും സ്വയം നിർവഹിക്കാൻ തീരുമാനിച്ചു. കുട്ടിയുടെ കാഴ്ചപ്പാടിൽ പറയുന്ന കഥയിൽ കൂട്ടുകാരൻ ആദിത്യ.സി.ബോസ് നായകനായി. ചിത്രത്തിന്റെ ലൈവ് സൗണ്ട് റെക്കാഡിംഗും ആദിത്യ നിർവഹിച്ചു. അങ്ങനെ കുട്ടികൾ ആദ്യമായി ചെയ്ത ലൈവ് സൗണ്ട് റെക്കാഡിംഗ് ഫിലിം കൂടിയായി ഇത്. ആദിത്യനെ കൂടാതെ ശ്രീഹരിയുടെ പിതാവ് രാജേഷും രാജേഷിന്റെ മാതാവ് ദേവകിയും അജയകുമാർ, അക്ഷര, വിബിൻ, അനിൽകുമാർ, ഗിരീഷ് തുടങ്ങിയവരും കഥാപാത്രങ്ങളായി. ഷോർട്ട്ഫിലിമിന് കട്ടസപ്പോർട്ടുമായി കൊച്ചി നർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥരും കടവന്ത്ര, എറണാകുളം സെൻട്രൽ, ടൗൺ നോർത്ത് ശിശു സൗഹൃദ പൊലീസ് സ്റ്റേഷമുകളിലെ ഉദ്യോഗസ്ഥരും ഒപ്പംനിന്നു.
ആദ്യഘട്ടത്തിൽ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ്സിന്റെ ക്യാമ്പുകളിൽ പ്രദർശിപ്പിക്കുന്ന ഷോർട്ട്ഫിലിം വൈകാതെ തന്നെ യൂട്യൂബിലും കാണാനാവും. കഴിയുന്നത്ര സ്കൂളുകളിൽ ചിത്രം പ്രദർശിപ്പിക്കണമെന്നാണ് ഇവരുടെ ആഗ്രഹം. ശ്രീഹരി എരൂർ ഭവൻസ് വിദ്യാമന്ദിറിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.