election-2019

കൊച്ചി: തിരഞ്ഞെടുപ്പ് ഡ്യൂട്ടിലിലുള്ള പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റുകളിൽ ക്രമക്കേടു കാട്ടിയെന്ന പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ സ്വതന്ത്ര ഏജൻസി അന്വേഷിക്കേണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഒാഫീസർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റുകൾ കൂട്ടത്തോടെ കൈപ്പറ്റി അസോസിയേഷൻ നേതാക്കൾ വോട്ടു രേഖപ്പെടുത്തിയ സംഭവത്തിൽ സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹർജിയിലാണ് ഈ നിലപാട്.

 സ്റ്റേറ്റ്മെന്റിൽ നിന്ന്

 ഇലക്ഷൻ ഡ്യൂട്ടിയിലുള്ള പൊലീസുകാർ പരാതി നൽകിയിട്ടില്ല. മാദ്ധ്യമ വാർത്തകളുടെയും മറ്റു ചില പരാതികളുടെയും അടിസ്ഥാനത്തിൽ മേയ് ആറിന് ഡി.ജി.പിയോട് റിപ്പോർട്ട് തേടി. ഇന്റലിജന്റ്സ് എ.ഡി.ജി.പി അന്വേഷിച്ച് പ്രാഥമിക റിപ്പോർട്ട് നൽകിയെന്നും ഇതിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്നും ഡി.ജി.പി മറുപടി നൽകി.

 സമഗ്ര അന്വേഷണം നടത്തി നടപടിയെടുക്കാൻ മേയ് എട്ടിന് ഡി.ജി.പിക്ക് കത്തു നൽകി. കേസെടുക്കാൻ ക്രൈംബ്രാഞ്ച് ഐ.ജിക്കു നിർദേശം നൽകിയെന്നും അന്വേഷണം നടക്കുകയാണെന്നും ഡി.ജി.പി മറുപടി നൽകി. ഐ.ജി ഇടക്കാല റിപ്പോർട്ട് നൽകിയെന്നും 15 ദിവസത്തിനുള്ളിൽ അന്തിമ റിപ്പോർട്ട് നൽകുമെന്നും വ്യക്തമാക്കി.

 പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റുകൾ റിട്ടേണിംഗ് ഒാഫീസർമാരിൽ നിന്ന് കൈപ്പറ്റാൻ നോഡൽ ഒാഫീസർമാരെ നിയോഗിക്കണമെന്ന ഡി.ജി.പിയുടെ സർക്കുലർ 2014 ലെ ഇന്ത്യൻ തിരഞ്ഞെടുപ്പു കമ്മിഷന്റെ നിർദേശപ്രകാരമാണ്.

 ഇനിയും തിരിച്ചു കിട്ടാനുള്ള പോസ്റ്റൽ ബാലറ്റുകൾ റദ്ദാക്കി പുതിയതു നൽകണമെന്ന ഹർജിയിലെ ആവശ്യം ഭരണഘടനാനുസൃതമല്ല.

 വിജ്ഞാപനം മുതൽ ഫലപ്രഖ്യാപനം വരെയുള്ള നടപടികളിൽ കോടതികൾ ഇടപെടരുതെന്ന് സുപ്രീം കോടതി വിധിയുണ്ട്. തിരഞ്ഞെടുപ്പു പൂർത്തിയായ ശേഷമേ പരാതിക്കാർക്ക് തിരഞ്ഞെടുപ്പു ഹർജി നൽകാനാവൂ.