jobin
ജോബിൻ മാനുവൽ

കൊച്ചി: നാവികസേനയിൽ കമ്മിഷൻഡ് ഓഫീസർ എന്ന വ്യാജേന നേവൽ ഓഫീസറുടെ യൂണിഫോമും സീലും ഉപയോഗിച്ച് വ്യാജ റിക്രൂട്ട്മെന്റ് സ്ഥാപനം നടത്തിയിരുന്ന കോട്ടയം പിണ്ണാക്കനാട് കണ്ണാമ്പള്ളിയിൽ ജോബിൻ മാനുവലിനെ (29) പാലാരിവട്ടം പൊലീസ് അറസ്‌റ്റ് ചെയ്‌തു.പാലാരിവട്ടത്ത് ഇയാൾ നടത്തിയിരുന്നു ഗാസ ഇന്റർനാഷണൽ എന്ന ബിസിനസ് സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്.

വിശാഖപട്ടണം, കൊച്ചിൻ നാവികത്താവളങ്ങളിൽ ജൂനിയർ ക്‌ളർക്ക്, നേവൽ ഓഫീസർ എന്നീ തസ്‌തികകളിൽ ജോലി വാഗ്ദാനം ചെയ്‌തായിരുന്നു തട്ടിപ്പ്. ജോബിന്റെ വീട്ടിൽ നിന്ന് ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ യൂണിഫോമും സ്ഥാന ചിഹ്‌നങ്ങളും കണ്ടെത്തി.ദക്ഷിണ നാവിക ആസ്ഥാനത്ത് ഉദ്യോഗസ്ഥനാണെന്നുള്ള വ്യാജ തിരിച്ചറിയൽ കാർഡും പ്രവേശന പാസും ഇയാളിൽ നിന്ന് ലഭിച്ചു. പലതവണ കൊച്ചി നാവിക ആസ്ഥാനത്തും എൻ.എ.ഡിയിലും സന്ദർശനം നടത്തി. തട്ടിപ്പിൽ നാവികസേന ഉദ്യോഗസ്ഥർക്കും പങ്കുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. നിരവധിയാളുകളിൽ നിന്നായി 30 ലക്ഷം രൂപ തട്ടിയെടുത്തതായാണ് പ്രാഥമിക വിവരം.മോഷണക്കേസിൽ ഉൾപ്പെട്ട ഒരു കാറിന്റെ നമ്പർ മാറ്റിയെഴുതി ഇയാൾ ഉപയോഗിച്ചിരുന്നതായും കണ്ടെത്തി. പാലാരിവട്ടം എസ്.ഐ. അജയ്മോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്.