ycon
ചൂർണിക്കര ഗ്രാമപഞ്ചായത്തിലെ ഇടമുള പുഴക്കു കുറുകെ സ്വകാര്യ വ്യകതി അനധികൃതമായി പണിത ഇരുമ്പുപാലം യൂത്ത് കോൺഗ്രസുക്കാർ പൊളിച്ചുനീക്കുന്നു

ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്തിലെ 15 -ാം വാർഡിൽ ഇടമുള പുഴക്കു കുറുകെ സ്വകാര്യ വ്യക്തി അനധികൃതമായി നിർമ്മിച്ച ഇരുമ്പുപാലം യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊളിച്ചുനീക്കി. ഗ്രാമപഞ്ചായത്തിന്റെയോ മേജർ ഇറിഗേഷൻ വകുപ്പിന്റെയോ അനുമതി ഇല്ലാതെയാണ് ദേശത്ത് താമസിക്കുന്ന സെബാസ്റ്റ്യൻ എന്നയാൾ പുഴക്കുകുറകെ പാലം പണിതത്.

റിവർ മാനേജ്‌മെന്റ് നിയമങ്ങളും മാനദണ്ഡങ്ങളും തെറ്റിച്ചാണ് പാലം പണിതിട്ടുള്ളത്. ഇതിനുമുമ്പും ഇത്തരത്തിൽ അനധികൃതമായി പാലം പണിയാൻ ശ്രമിക്കുകയും വിവിരം അറിഞ്ഞപ്പോൾ യൂത്ത് കോൺഗ്രസുകാർ പൊളിച്ചു നീക്കുകയും ചെയ്തിരുന്നു. പാലത്തിന് അടിയിലൂടെ വഞ്ചികൾക്കോ, ബോട്ടുകൾക്കോ പോകാൻ പറ്റില്ല. അതുമൂലം എന്തെങ്കിലും അത്യാവശ്യ ഘട്ടം വന്നാൽ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. അനുമതി ഇല്ലാതെ സ്വകാര്യവ്യക്തി പണിത ഇരുമ്പുപാലം പുനസ്ഥാപിക്കാൻ അനുവദിക്കരുതെന്ന് സമരക്കാർ ആവശ്യപ്പെട്ടു. പാലം നിർമ്മിച്ച സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ പുറമ്പോക്ക് ഭൂമിയുമുണ്ട്. ഭൂമി മൊത്തം അളന്ന് കയ്യേറ്റ ഭൂമി തിരിച്ചുപിടിക്കണം. ഇടമുളപ്പുഴയുടെ കൈയ്യേറിയ ഭാഗങ്ങൾ പൂർവസ്ഥിതിയിലാക്കി പുഴ സംരക്ഷിക്കണം.

അനധികൃത പാലം പണിയുന്നതിന് കൂട്ടുനിന്ന സി.പി.എം ലോക്കൽ സെക്രട്ടറിയുടെ പങ്ക് വിജിലൻസ് അന്വേഷിക്കണമെന്നും യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഷെഫീക്കും മണ്ഡലം പ്രസിഡന്റ് ലിനീഷ് വർഗീസും ആവശ്യപ്പെട്ടു. ഡി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.കെ. ജമാൽ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഷെഫീക്ക്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ലിനീഷ് വർഗീസ്, നസീർ ചൂർണിക്കര, വില്യം ആലത്തറ, ജി. മാധവൻകുട്ടി, രാജേഷ് പുത്തനങ്ങാടി, ഷെമീർ മീന്ത്രക്കൽ, ഷെരീഫ് കുന്നത്തേരി, ബിനോയ് ജോസഫ്, സിയാദ് എസ്.എൻ. പുരം, സിദ്ദിഖ് ഹമീദ്, അമൽ അശോക്, ജയദേവൻ, എ.കെ. സജിത്ത്, കെ.എ. യൂസഫ് എന്നിവർ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി.