ശ്രീനാരായണ സെന്റർ ഒഫ് എക്സലൻസ് രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു
കൊച്ചി: സാമ്പത്തികമായും സാമൂഹികമായും പിന്നിൽ നിൽക്കുന്ന വിദ്യാർത്ഥികളെ കൈപിടിച്ചുയർത്താൻ പ്രത്യേകം ശ്രദ്ധ നൽകേണ്ട കാലമാണിതെന്ന് എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ.എം.എൻ.സോമൻ പറഞ്ഞു. പൊന്നുരുന്നി എസ്.പി.സഭാ ഹാളിൽ എറണാകുളം ശ്രീനാരായണ സെന്റർ ഒഫ് എക്സലൻസ് രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണ സെന്റർ ഒഫ് എക്സലൻസ് കഴിഞ്ഞ കാൽനൂറ്റാണ്ടുകാലം ചെയ്ത സേവന പ്രവർത്തനങ്ങൾ വിലമതിക്കാനാവുന്നതല്ല. സമൂഹം ആവശ്യപ്പെടുന്ന കാര്യം അവർ ചെയ്തത്. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർ ഒത്തുചേർന്ന് സമൂഹത്തിന് എങ്ങിനെ നന്മ ചെയ്യാനാകുമെന്ന് തെളിയിച്ചു തന്നു ഈ സംഘടന. കൂടുതൽ സേവന പദ്ധതികളുമായി പുതിയ പന്ഥാവുകൾ വെട്ടിത്തുറക്കാൻ ശ്രീനാരായണ സെന്റർ ഒഫ് എക്സലൻസിന് കഴിയണമെന്നും ഡോ.എം.എൻ. സോമൻ പറഞ്ഞു.
ശ്രീനാരായണ സെന്റർ ഒഫ് എക്സലൻസ് പ്രസിഡന്റ് പ്രൊഫ.വി.കെ.വത്സരാജൻ അദ്ധ്യക്ഷത വഹിച്ചു. കാലടി നീലീശ്വരം ശ്രീനാരായണ ധർമ്മാശ്രമം മഠാധിപതി സ്വാമി സൈഗൺ പ്രഭാഷണം നടത്തി. എസ്.എൻ.ജി ന്യൂസ് ഉദ്ഘാടനം കേരളകൗമുദി ന്യൂസ് എഡിറ്റർ ടി.കെ.സുനിൽകുമാറും ശ്രീശാന്തം സ്ട്രെസ് ഫ്രീ ലൈഫ് ഗൈഡിന്റെ വാർഷിക ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി ഇ.കെ.മുരളീധരൻ മാസ്റ്ററും സ്വാനുഭവഗീതി വാട്ട്സ് ആപ്പ് ഗ്രൂപ്പിന്റെ ഉദ്ഘാടനം സംഗീത സംവിധായകൻ അലക്സ് പോളും നിർവഹിച്ചു. ശ്രീനാരായണ സെന്റർ ഒഫ് എക്സലൻസ് സെക്രട്ടറി ഡോ.കെ.വി.പ്രമോദ് റിപ്പോർട്ട് അവതരിപ്പിച്ചു.
വിവിധ മേഖലകളിൽ മികവ് പ്രകടിപ്പിച്ച സ്പെഷ്യലിസ്റ്റ് ആശുപത്രി എം.ഡി. ഡോ.കെ.ആർ.രാജപ്പൻ, ഗൗതം ഹോസ്പിറ്റൽ എം.ഡി. ഡോ.കെ.ആർ.ജയചന്ദ്രൻ, റിട്ട. സിഫ്റ്റ് പ്രിൻസിപ്പൽ സയന്റിസ്റ്റ് ടി.കെ.ശിവദാസ്, സമുദ്ര ഷിപ്പ് യാർഡ് എം.ഡി ഡോ.ജീവൻ സുധാകരൻ, ക്വാളിറ്റി ആട്ടോ സർവീസ് മാനേജിംഗ് പാർട്ട്ണർ ടി.വി.സുഭാസ്, ഷിബു എന്റർപ്രൈസസ് എം.ഡി. കെ.എൻ.ചന്ദ്രൻ, രാജേശ്വരി ഗ്രൂപ്പ് എം.ഡി വി.എസ്.രാമകൃഷ്ണൻ, സ്വാദ് ഫുഡ് എം.ഡി. സി.കെ.അനിൽ കുമാർ, ചിത്ര പെയ്ന്റേഴ്സ് എം.ഡി ചിത്രപ്രകാശ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ശ്രീനാരായണ ഗുരുദേവന്റെ ഈശ്വരീയ ഭാവത്തെ കുറിച്ച് വിജയലാൽ നെടുങ്കണ്ടം പ്രഭാഷണം നടത്തി. തുടർന്ന് കാലടി നീലീശ്വരം ശ്രീനാരായണ ധർമ്മാശ്രമത്തിലെ വിനോദ് അനന്തനും സംഘവും ഗുരുദേവ ഗാനമഞ്ജരിയും അവതരിപ്പിച്ചു.
ജനറൽ കൺവീനർ കെ.ആർ.പ്രാൺബാബു സ്വാഗതവും ട്രഷറർ ഡോ.എം.പി.ദിലീപ് നന്ദിയും പറഞ്ഞു.