ആലുവ: ലഹരിമരുന്ന് മാഫിയ സംഘത്തിലെ രണ്ട് സുപ്രധാന കണ്ണികളെ എക്‌സൈസ് സംഘം സാഹസികമായി പിടികൂടി. അറക്കപ്പടി വലിയകുളം സ്വദേശികളായ പാണ്ടി രാജു എന്ന് വിളിക്കുന്ന നവനീത് (22), അന്തകാരം ബാബു എന്ന് വിളിക്കുന്ന രാഹുൽ (21) എന്നിവരെയാണ് ആലുവ റേഞ്ച് എക്‌സൈസ് ടീം അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 102 നൈട്രോസെപാം മയക്ക് മരുന്ന് ഗുളികകൾ കണ്ടെടുത്തു.
കഴിഞ്ഞ ദിവസം ഇവരുടെ തലവനായ സ്‌നിപ്പർ ഷേക്ക് എന്ന മുഹമ്മദ് സിദ്ദിഖിനെ മയക്ക് മരുന്ന് ഗുളികകളുമായി കസ്റ്റഡിയിലെടുത്തിരുന്നു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ ഇരുവരും ഏറെ നാളുകളായി സ്‌നിപ്പർ ഷേക്കിന്റെ കീഴിൽ മയക്ക് മരുന്ന് വിപണനത്തിൽ പങ്കാളികളാണ്.
മയക്ക് മരുന്നുകൾ സേലം, പുതുച്ചേരി എന്നിവിടങ്ങളിൽ നിന്നെടുത്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഏജന്റ്മാർക്ക് കൈമാറിയിരുന്നത് ഇവർ ഇരുവരുമാണ്.
സ്‌നിപ്പർ ഷേക്ക് പിടിയിലായതിനെ തുടർന്ന് ഇവർ ഒളിവിലായിരുന്നു. ആലുവ റെയിൽവേ സ്റ്റേഷന് സമീപത്തെ രഹസ്യതാവളത്തിലേയ്ക്ക് എത്തിയ ഷാഡോ സംഘത്തെ കത്തിയുമായി ആക്രമിക്കാൻ ശ്രമിച്ചു. ബൈക്കിൽ രക്ഷപെടാൻ ശ്രമിച്ചെങ്കിലും കീഴ്പ്പെടുത്തി. അമിതമായി ലഹരി ഗുളികകൾ കഴിച്ചതിനാൽ അക്രമം കാണിച്ച രാഹുലിനെ ആലുവ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഇരുവരേയും ആലുവ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ആലുവ റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ ടി.കെ. ഗോപിയുടെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ എ. വാസുദേവൻ, എ.ബി. സജീവ് കുമാർ, ഷാഡോ ടീമംഗങ്ങളായ എൻ.ഡി. ടോമി, എൻ.ജി. അജിത് കുമാർ, സി.ഇ.ഒ.മാരായ അഭിലാഷ്, സിയാദ് എന്നിവർ ചേർന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
ഹോസ്റ്റലുകളിലെ യുവാക്കൾ പ്രധാന ഇര
ആലുവ: മയക്കുമരുന്ന് വിപണനം നടത്തുന്നവരുടെ പ്രവർത്തനം കോളേജുകളും, ഹോസ്റ്റലുകളുമാണ്. അവധി കാലത്ത് വീടുകളിൽ പോകാതെ ഹോസ്റ്റലുകളിൽ തന്നെ തങ്ങുന്ന വിദ്യാർത്ഥികളാണ് പ്രധാനഇരകൾ. മയക്ക് മരുന്നിന്റെ ടെസ്റ്റ് ഡോസ് ഉപയോഗിക്കാൻ വിസമ്മതിക്കുന്നവരെ ചതി പ്രയോഗത്തിലൂടെ ഇവർ വലയിലാക്കും. കറുത്ത നിറത്തിലുള്ള കോളയിലേയ്ക്ക് ഈ മയക്ക് മരുന്ന് ഗുളിക ഇട്ടാണ് യുവാക്കളെ കബളിപ്പിക്കുന്നത്.
ലഹരിക്ക് അടിമയായവരിലൂടെ ഇത്തരം കോളകൾ മറ്റുള്ള യുവാക്കൾക്കിടയിലേയ്ക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. ഭീഷണി ഭയന്ന് ഇക്കാര്യങ്ങൾ ഒന്നും പുറത്ത് പറയാനാവാതെ യുവതി, യുവാക്കൾ ഇവരുടെ ലഹരിക്കെണിയിൽപ്പെടും. സോഷ്യൽ മീഡിയ ഉപയോഗിച്ചാണ് മയക്കു മരുന്നുകളുടെ കൈമാറ്റം. യഥാർത്ഥ പേര് വെളിപ്പെടുത്താതെ കോഡുകളാണ് പരക്കെ അറിയപ്പെടുന്നത്. സേലം, പുതുച്ചേരി എന്നിവിടങ്ങളിൽ നിന്ന് ദിനം പ്രതി നിരവധി യുവാക്കൾ മയക്ക് മരുന്ന് ഗുളികകൾ വാങ്ങാൻ എത്താറുള്ളതായും ഇവർ പറയുന്നു. ഈ മാസം ഇതുവരെ നാലു പേരെയാണ് ലഹരി മരുന്ന് ഗുളികകകളുമായി ആലുവ റേഞ്ച് എക്‌സൈസ് ഷാഡോ സംഘം കസ്റ്റഡിയിലെടുക്കുന്നത്.
പ്രധാനി സേലം സ്വദേശി ചിന്നദുരൈ
ആലുവ: സേലം ബസ് സ്റ്റാന്റിന് സമീപം ഇറ്റാലിയൻ നിർമ്മിത ആഡംബര വാഹനത്തിൽ എത്താറുള്ള ചിന്നദുരൈ എന്ന് പരിചയപെടുത്തിയ ആളിൽ നിന്നാണ് മയക്ക് മരുന്ന് ഗുളികകൾ വാങ്ങുന്നതെന്ന് ഇരുവരേയും ചോദ്യം ചെയ്തതിൽ നിന്ന് എക്‌സൈസ് കണ്ടെത്തിയിട്ടുണ്ട്. സ്‌നിപ്പർ ഷേക്കാണ് ഇയാളെ വിളിച്ച് മയക്ക് മരുന്ന് വാങ്ങുന്നത്.
പിടിയിലായ യുവാക്കൾക്ക് ചിന്ന ദുരൈയുമായി നേരിട്ട് ബന്ധമില്ലെന്നും എക്‌സൈസിനോട് പറഞ്ഞു.