nandhini
ജനസേവയിലെ നന്ദിനിമോളം ഭർത്താവ് കെ. സജീവും

ആലുവ: ജനസേവ ശിശുഭവനിലെ നന്ദിനിമോൾ മംഗല്യവതിയായി. പെരുങ്ങോട് പരേതരായ കിഴുവീട്ടിൽ രാമകൃഷ്ണൻ നായരുടെയും മാലതിയമ്മയുടെയും മകൻ കെ. സജീവാണ് നന്ദിനിയെ ജീവിതസഖിയാക്കിയത്. ചാലശ്ശേരി മുല്ലംപറമ്പത്ത് കാവ് ക്ഷേത്രത്തിൽ ഇന്നലെ രാവിലെയായിരുന്നു താലികെട്ട്.

ജനസേവയിലെ അനിയത്തിക്കുട്ടികളുടെയും വിവിധസ്ഥലങ്ങളിൽ വിവാഹം കഴിപ്പിച്ചയച്ച് കുടുംബജീവിതം നയിക്കുന്ന ചേച്ചിമാരുടെയും അകമ്പടിയോടെയാണ് നന്ദിനി കതിർമണ്ഡപത്തിലേക്ക് എത്തിയത്. മജനസേവയിലെ സർക്കാർ നിയന്ത്രണങ്ങൾ മൂലം ഒരു വർഷമായി പരസ്പരം കാണാൻ സാധിക്കാതിരുന്ന സഹോദരിമാർക്ക് അതിനുള്ള വേദി കൂടിയായി കല്യാണമണ്ഡപം. മുതിർന്ന കുട്ടികൾ ജനസേവയിൽ പ്രവേശിക്കുന്നതിന് സർക്കാർ നിയന്ത്രണമുണ്ട്. അതിനാൽ നേരത്തെ കെട്ടിച്ചയച്ച കുട്ടികൾക്കും മറ്റും അവരുടെ തറവാടായ ജനസേവയിൽ വരാൻ സാധിച്ചിരുന്നില്ല.

ജനസേവയുടെ നിയന്ത്രണം സർക്കാർ ഏറ്റെടുത്തതിന്റെ ഒന്നാം വാർഷികദിനത്തിലായിരുന്നു വിവാഹം. മംഗളകർമ്മത്തിന് ഭാഗമാകാൻ ജനസേവയ്ക്ക് കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ജനസേവ ചെയർപേഴ്‌സൺ കവിയൂർ പൊന്നമ്മ പറഞ്ഞു.

പിതാവ് ഉപേക്ഷിച്ചതിനെത്തുടർന്ന് അനാഥരായപ്പോൾ 2001ലാണ് നന്ദിനിയും ചേച്ചി ദുർഗയും ജനസേവയിൽ അഭയം തേടിയെത്തിയത്. അന്ന് ഒന്നരവയസുകാരിയായിരുന്നു നന്ദിനി. വിദ്യാഭ്യാസം പൂർത്തിയാക്കിയ നന്ദിനി ടൈലറിംഗ് എംബ്രോയിഡറി കോഴ്‌സും പാസായിട്ടുണ്ട്. കഴിഞ്ഞ നാലുവർഷമായി മലേഷ്യയിൽ സൂപ്പർമാർക്കറ്റിൽ ജീവനക്കാരനാണ് വരനായ സജീവ്. ജനസേവയിൽ നിന്നും വിവാഹം കഴിച്ചയയ്ക്കപ്പെടുന്ന 11മത്തെ പെൺകുട്ടിയാണ് നന്ദിനി.