crime

കൊച്ചി: സീറോ മലബാർസഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരിയുടെ പേരിൽ വ്യാജരേഖയുണ്ടാക്കിയ എറണാകുളം കോന്തുരുത്തി വളവിൽ വീട്ടിൽ ആദിത്യൻ (24) അറസ്‌റ്റിലായി. മൂന്നു ദിവസം കസ്‌റ്റഡിയിൽ ചോദ്യം ചെയ്‌ത ശേഷമായിരുന്നു അറസ്‌റ്റ്. കളമശേരി ജുഡിഷ്യൽ ഫസ്‌റ്റ് ക്‌ളാസ് മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

എറണാകുളം - അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാടുകളിലെ സാമ്പത്തിക കൈമാറ്റം കർദ്ദിനാളിന്റെ പേരിലുള്ള ചില രഹസ്യ അക്കൗണ്ടുകളിലൂടെ നടത്തിയെന്ന ബാങ്ക് രേഖകളാണ് വ്യാജമായി നിർമ്മിച്ചത്.

ആദിത്യന്റെ പിതാവിന്റെ തേവര മട്ടമ്മലിലെ ഹാർഡ്‌വെയർ സ്ഥാപനത്തിലെ കമ്പ്യൂട്ടറിലാണ് വ്യാജരേഖ തയ്യാറാക്കിയത്. കമ്പ്യൂട്ടർ കസ്റ്റഡിയിലെടുത്ത അന്വേഷണസംഘം വിശദമായ പരിശോധനകൾക്കായി സൈബർ സെല്ലിന് കൈമാറി.

വ്യാജമായി നിർമ്മിച്ച രേഖകൾ ആദിത്യൻ സഭയുടെ മുൻ പി.ആർ.ഒ ഫാ. പോൾ തേലക്കാട്ടിന് ഇ-മെയിലിലൂടെ അയച്ചു. രേഖകൾ പുറത്തുപോകാതിരിക്കാൻ പോൾ തേലക്കാട് സഭയുടെ അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ജേക്കബ് മനത്തോടത്തിന് കൈമാറി. ഇത് സിനഡിൽ ചർച്ചയ്‌ക്ക് വന്നപ്പോൾ തനിക്ക് ഇത്തരത്തിലുള്ള അക്കൗണ്ടുകളില്ലെന്നും രേഖകൾ വ്യാജമാണെന്നും കർദ്ദിനാൾ അറിയിച്ചു. ഇതോടെ സഭ പൊലീസിൽ നൽകിയ പരാതിയിൽ തേലക്കാട്ടും ജേക്കബ് മനത്തോടവും പ്രതികളായി.

ആദിത്യൻ ഇ-മെയിലിലേക്ക് അയച്ച രേഖകൾ അഡ്മിനിസ്ട്രേറ്റർക്ക് സമർപ്പിക്കുക മാത്രമാണ് ചെയ്‌തതെന്ന് തേലക്കാട് മൊഴി നൽകിയിരുന്നു. ഇതോടെയാണ് അന്വേഷണം ആദിത്യനിലേക്ക് തിരിഞ്ഞത്.

താൻ നേരത്തേ ജോലി ചെയ്‌ത വ്യവസായ ഗ്രൂപ്പിന്റെ സെർവറിൽ നിന്നാണ് രേഖകൾ ലഭിച്ചതെന്നായിരുന്നു ആദിത്യന്റെ നിലപാട്. സെർവർ പരിശോധിച്ചപ്പോൾ രേഖകൾ കണ്ടെത്താനുമായില്ല. മൂന്നു ദിവസം തുടർച്ചയായ ചോദ്യം ചെയ്യലുകൾക്കൊടുവിൽ രേഖ വ്യാജമായി നിർമ്മിച്ചെന്ന് ആദിത്യൻ സമ്മതിച്ചതായി അന്വേഷണസംഘം വ്യക്തമാക്കി. എറണാകുളം റൂറൽ അഡിഷണൽ എസ്.പി കെ.ജെ. സോഹൻ, ആലുവ ഡിവൈ.എസ്.പി വിദ്യാധരൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.