പള്ളുരുത്തി: അനിത ഇനി അനാഥയല്ല. ചെറുപ്രായത്തിൽ പള്ളുരുത്തി സലേഷ്യൻ കോൺവെന്റിൽ അന്തേവാസിയായി എത്തിയ അവളെ പെരുമ്പടപ്പ് സ്വദേശി മനു ജീവിത സഖിയാക്കി. പെരുമ്പടപ്പ് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നടന്ന വിവാഹ ചടങ്ങുകൾക്ക്
ക്ഷേത്ര മേൽശാന്തി ഹരി മുഖ്യകാർമ്മികനായി. സലേഷ്യൻ കോൺവെന്റ് മദർ സുപ്പീരിയർ സിസ്റ്റർ ആൻസി മാത്യു രക്ഷാകർതൃ സ്ഥാനത്ത് നിന്ന് അനിതയെ മനുവിന് കൈപിടിച്ച് ഏൽപ്പിച്ചു. ഉപഹാരമായി സ്വർണമാലയും സിസ്റ്റർ ആൻസി വരനെ അണിയിച്ചു. ചെറുപ്രായത്തിൽ ആരോരുമില്ലാത്ത അനിതയെ കോൺവെന്റ് അധികൃതർ ഏറ്റെടുത്തതാണ്.
രണ്ടു സഹോദരിമാർ മാത്രമുള്ള മനു ഓട്ടോറിക്ഷ ഡ്രൈവറാണ്. കോൺവെന്റിലെത്തി അനിതയെകണ്ട് ഇഷ്ടപ്പെട്ട് വിവാഹം ആലോചിക്കുകയായിരുന്നു. വരന്റെ ബന്ധുക്കളും സുഹൃത്തുക്കളേയും കൂടാതെ ദേവസ്വം സെക്രട്ടറി കെ.എസ് .കിഷോർ കുമാറും പൊതുപ്രവർത്തകൻ കെ.പി.മണിലാലും വിവാഹചടങ്ങിൽ പങ്കെടുത്തു.