ആദിത്യന്റെ വെളിപ്പെടുത്തലിൽ സഭയിൽ പൊട്ടിത്തെറി
കൊച്ചി: കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ നിർമ്മിക്കാൻ നിർദ്ദേശിച്ചത് അദ്ദേഹത്തിന്റെ മുൻ ഓഫീസ് സെക്രട്ടറിയും സാൻജോസ് പള്ളി വികാരിയുമായ ഫാദർ ടോണി കല്ലൂക്കാരനാണെന്ന അറസ്‌റ്റിലായ ആദിത്യത്തിന്റെ വെളിപ്പെടുത്തൽ സഭയിലെ ആഭ്യന്തര പ്രശ്നം രൂക്ഷമാക്കും. ഫാ. ടോണി അടുത്ത ദിവസം തന്നെ അറസ്റ്റിലുമാകാൻ സാദ്ധ്യതയുണ്ട്.
ഭൂമിയിടപാടിൽ കർദ്ദിനാളിനെതിരെ ആഭ്യന്തര അന്വേഷണത്തിന് വഴിയൊരുക്കാനാണ് വ്യാജരേഖ നിർമ്മിച്ചതെന്ന് ആദിത്യൻ പൊലീസിനോട് തുറന്നുപറഞ്ഞതായാണ് വിവരം.
പൊലീസ് അന്വേഷണം വരില്ലെന്ന് കല്ലൂക്കാരൻ ഉറപ്പു നൽകിയതോടെ ദൗത്യം ഏറ്റെടുത്തു. വിഷയം സഭയ്‌ക്കുള്ളിൽ ഒതുങ്ങുമെന്നായിരുന്നു കണക്കുകൂട്ടൽ. രേഖ സിനഡിൽ ചർച്ചയ്‌ക്ക് വരുകയും തൊട്ടുപിന്നാലെ പൊലീസിൽ പരാതിയുമെത്തിയതോടെ കാര്യങ്ങൾ കൈവിട്ടുപോയി.
രേഖകൾ കൃത്യമാണെന്ന് വിശ്വസിപ്പിക്കാനാണ് പുറത്തുനൽകാതെ ഫാ. പോൾ തേലക്കാട്ടിന്റെ ഇ-മെയിലിലേക്ക് അയച്ചത്. ചർച്ചയ്‌ക്ക് വരുമ്പോൾ കർദ്ദിനാളിനെ പ്രതിക്കൂട്ടിലാക്കലായിരുന്നു ഒരുകൂട്ടം വൈദികരുടെ ലക്ഷ്യം.
ആദിത്യന്റെ വെളിപ്പെടുത്തൽ വരും ദിവസങ്ങളിൽ സഭയിൽ വലിയ പൊട്ടിത്തെറികൾക്ക് ഇടയാക്കും. ഇയാളെ കസ്‌റ്റഡിയിലെടുത്ത് ആലുവ ഡിവൈ.എസ്.പി ഓഫീസിൽ ചോദ്യം ചെയ്യുമ്പോൾ ചില വൈദികർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഫാ. ടോണി കല്ലൂക്കാരനെ ഡിവൈ.എസ്.പി ഓഫീസിലേക്ക് വിളിച്ചു വരുത്തിയ ശേഷം ചോദ്യം ചെയ്യാതെ ഒരു ദിവസം മുഴുവൻ പിടിച്ചുനിറുത്തിയപ്പോൾ വൈദികർ അന്വേഷിക്കാനെത്തിയെന്നായിരുന്നു സഭയുടെ നിലപാട്. കഴിഞ്ഞ ദിവസം ഫാ. ടോണിയെ തേടി അന്വേഷണസംഘം സാൻജോസ് പള്ളിയിലെത്തിയെങ്കിലും കണ്ടെത്താനായില്ല. ഇയാളെ അടുത്തദിവസം വിളിച്ചുവരുത്തി അറസ്‌റ്റ് ചെയ്യാനാണ് നീക്കം. വ്യാജരേഖ നിർമ്മാണത്തിൽ കൂടുതൽ വൈദികർക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.