balan
എറണാകുളത്തെ ട്രൈബൽ കോംപ്‌ളക്സ് സന്ദർശിക്കുന്ന മന്ത്രി എ.കെ.ബാലൻ

കൊച്ചി: പൈതൃക ടൂറിസം കേന്ദ്രമായി മാറാൻ ഒരുങ്ങുകയാണ് കൊച്ചി ഫോർഷോർ റോഡിലുള്ള ട്രൈബൽ കോംപ്ലക്സ് . ഒരേക്കർ 18 സെന്റ് ഭൂമിയിൽ 2229 ചതുരശ്രമീറ്റർ വിസ്തീർണ്ണത്തിൽ എട്ടു കോടി രൂപ മുതൽമുടക്കിലാണ് ട്രൈബൽ കോംപ്ലക്സ്. വകുപ്പ് മന്ത്രി എ.കെ. ബാലൻ കോംപ്ലക്സ് സന്ദർശിച്ച് നിർമ്മാണ പുരോഗതി വിലയിരുത്തി.
മൂന്ന് നില മന്ദിരത്തിൽ ആഡിറ്റോറിയം, ഉത്പന്നങ്ങളുടെ പ്രദർശന വിൽപ്പന സ്റ്റാളുകൾ, ഫുഡ് കോർട്ട്, ഡോർമിറ്ററി തുടങ്ങിയവയുണ്ട്.

കേരളത്തിലെ പട്ടികവർഗക്കാർ തയ്യാറാക്കുന്ന ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവും നടത്തുക, ഗോത്ര സമൂഹങ്ങളുടെ കലാരൂപങ്ങൾക്ക് വേദിയൊരുക്കുക, വംശീയ ഭക്ഷണത്തിന് പ്രചാരം നൽകുക , ഗോത്രവർഗ തനിമ സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ട്രൈബൽ കോംപ്ലക്സ്.

എട്ട് ഷോപ്പുകൾ സജ്ജീകരിച്ചിട്ടുണ്ട്. മുളകൊണ്ടുള്ള ഉത്പന്നങ്ങൾ, തടിയിൽ തീർത്ത ശിൽപ്പങ്ങൾ, വനവിഭവങ്ങൾ, തേൻ, മുളയരി, റാഗി, കൃഷി ഉത്പ്ന്നങ്ങൾ തുടങ്ങിയവ ഷോപ്പുകളിൽ ലഭിക്കും.

കേന്ദ്ര പട്ടികവർഗ്ഗ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ട്രൈബൽ കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഡെവലപ്മെന്റ് ഫെഡറേഷൻ ഒഫ് ഇന്ത്യ ലിമിറ്റഡ് , പട്ടികവർഗ വികസന വനം വകുപ്പിന് കീഴിൽ അട്ടപ്പാടിയിൽ പ്രവർത്തിക്കുന്ന അട്ടപ്പാടി കോഓപ്പറേറ്റീവ് ഫാമിംഗ് സൊസൈറ്റി, വയനാട്ടെ അമൃത്‌ എന്നീ സ്ഥാപനങ്ങളെ കൂടാതെ പട്ടികവർഗക്കാരുടെ അഞ്ച് സ്റ്റാളുകളും ഇവിടെയുണ്ടാകും.

കോംബോ സംവിധാനത്തോടെ അക്വാസ്റ്റിക്ക് ട്രീറ്റ്മെൻറ്, വീഡിയോ പ്രൊജക്ടർ ആൻഡ് കൺട്രോൾ സിസ്റ്റം, എ.സി തുടങ്ങിയവ പുതിയ ആഡിറ്റോറിയത്തിലുണ്ട്. ഗോത്ര കലാരൂപങ്ങളും, പാരമ്പര്യ അറിവുകളും പുതിയ തലമുറയ്ക്ക് പകർന്നു കൊടുക്കാനുള്ള ഗോത്രകലാ സാംസ്കാരിക സായാഹ്നങ്ങൾക്ക് ഇവിടം ഇനി സ്ഥിരം വേദിയാകും. പുരുഷന്മാർക്കും സ്ത്രീകൾക്കുമായി 20 കിടക്കകൾ വീതമുള്ള പ്രത്യേക ഡോർമിറ്ററികളും പ്രദർശന പരിപാടികൾ സംഘടിപ്പിക്കുന്നതിനുള്ള ഹാളും തയ്യാറാക്കിയിട്ടുണ്ട്.