നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഒരു കോടിയിലേറെ രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച കേസിൽ ഗ്രൗണ്ട് ഹാൻഡിലിംഗ് വിഭാഗത്തിലെ കൂടുതൽ ജീവനക്കാരെ ഡി.ആർ.ഐ ചോദ്യം ചെയ്യും.

സ്വർണക്കടത്തിനിടെ പിടിയിലായ ബി.ഡബ്‌ളിയു.എഫ്.എസിലെ ഗ്രൗണ്ട് ഹാൻഡിലിംഗ് വിഭാഗം സൂപ്പർവൈസർ പോൾ ജോസഫിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്നാണ് കൂടുതൽ പേരെ ചോദ്യം ചെയ്യുന്നത്. ഇന്ന് കൊച്ചിയിലെ ഡി.ആർ.ഐ ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. സിയാലിലെ ഗ്രൗണ്ട് ഹാൻഡിലിംഗ് വിഭാഗത്തിലെ മുഖ്യകരാറുകാരായ ബി.ഡബ്‌ളിയു.എഫ്.എസിൽ 900 സ്ഥിരം ജീവനക്കാർ ഉൾപ്പെടെ 1600പേരുണ്ട്. മറ്റൊരു കരാറുകാരായ സെലവിയിൽ 500 ജീവനക്കാരുമുണ്ട്. പിടിയിലായ പോൾ ജോസഫ് ബി.ഡബ്‌ളിയു.എഫ്.എസിലെ ജീവനക്കാരനാണ്. അതിനാൽ

പോൾ ജോസഫിന്റെ സഹപ്രവർത്തകരെയാണ് ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്.

പത്ത് തവണയായി 30 കിലോയിലേറെ സ്വർണം കടത്തിയെന്നാണ് പോൾ ജോസഫ് നൽകിയിട്ടുള്ള മൊഴി. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘത്തിനായാണ് സ്വർണം കടത്തിയതെന്നും ഒരു തവണ വിമാനത്താവളത്തിൽ നിന്നും സ്വർണം പുറത്തെത്തിക്കുന്നതിന് 60,000 രൂപയാണ് പ്രതിഫലമായി ലഭിക്കുന്നതെന്നും ഇയാൾ ഡി.ആർ.ഐയോട് വെളിപ്പെടുത്തിയിട്ടുണ്ട്.