kerala-flood

കൊച്ചി : കേരളത്തിലുണ്ടായ പ്രളയം മനുഷ്യനിർമ്മിതമാണെന്ന അമിക്കസ് ക്യൂറിയുടെ കണ്ടെത്തൽ ശാസ്ത്രലോകം നിരസിച്ച പഠനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണെന്ന് സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. പ്രളയത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്‌ഷൻ മിഷൻ ഉൾപ്പെടെ നൽകിയ ഹർജികളിൽ ജലവിഭവവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി എസ്. മുരളി നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്. കേന്ദ്ര ജലകമ്മിഷന്റെ പഠനറിപ്പോർട്ട്, ചെന്നൈയിലെ കെ.പി സുധീറിന്റെ പഠനറിപ്പോർട്ട്, 'കേരളത്തിലെ പ്രളയം : കനത്തമഴയും ഡാമുകളുമുണ്ടാക്കിയ സംയുക്ത പ്രത്യാഘാതം' എന്ന വിഷയത്തിൽ ഗാന്ധിനഗർ ഐ.ഐ.ടിയിലെ വിമൽമിശ്രയുടെ പഠനറിപ്പോർട്ട്, എക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്ക്ലിയിൽ ഹിമാൻഷു ധാക്കർ എഴുതിയ ലേഖനം എന്നിവയെ അടിസ്ഥാനമാക്കിയാണ് അമിക്കസ് ക്യൂറി റിപ്പോർട്ട് തയ്യാറാക്കിയത്. പ്രളയം മനുഷ്യനിർമ്മിതമല്ലെന്നും പേമാരിയാണ് പ്രളയ കാരണമെന്നും ആദ്യ രണ്ടു പഠനറിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ മറിച്ച് അഭിപ്രായമുള്ള വിമൽമിശ്രയുടെ പഠനറിപ്പോർട്ട് ഹൈഡ്രോളജി ആൻഡ് എർത്ത് സിസ്റ്റം സയൻസ് എന്ന ശാസ്ത്രമാസിക പ്രസിദ്ധീകരണ യോഗ്യമല്ലെന്ന് വിലയിരുത്തി തള്ളിയതാണ്. ഹിമാൻഷു ധാക്കർ എഴുതിയ ലേഖനത്തിന് ശാസ്ത്രീയ അടിത്തറയില്ല. ലേഖകൻ ശാസ്ത്രജ്ഞനോ സാങ്കേതിക വിദഗ്ദ്ധനോ അല്ല. ഉന്നത നിലവാരമുള്ളതും ശാസ്ത്രീയമായി അംഗീകരിച്ചതുമായ രണ്ടു പഠനറിപ്പോർട്ടുകളെ ശാസ്ത്രലോകം തിരസ്കരിച്ച പഠനറിപ്പോർട്ട്, ലേഖനം എന്നിവയുമായി താരതമ്യം ചെയ്താണ് അമിക്കസ് ക്യൂറി റിപ്പോർട്ട് തയ്യാറാക്കിയതെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.

 കൃത്യമായി മുന്നറിയിപ്പ് നൽകി

പ്രളയകാലത്ത് സുരക്ഷാ മുന്നറിയിപ്പുകൾ ദിനംപ്രതി നൽകിയിരുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനങ്ങളും മഴയുടെ തോതും മറ്റും കണക്കിലെടുത്ത് നീല, ഒാറഞ്ച്, ചുവപ്പ് അലർട്ടുകൾ സമയബന്ധിതമായി നൽകി. മുല്ലപ്പെരിയാറിനു സമീപത്തുനിന്ന് ആളുകളെ ബലം പ്രയോഗിച്ച് ഒഴിപ്പിച്ചെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

കൊച്ചി : പ്രളയ ദുരന്തത്തെക്കുറിച്ച് അന്വേഷണം വേണമെന്ന ഹർജികളിൽ അമിക്കസ് ക്യൂറി റിപ്പോർട്ടിലെ പരാമർശങ്ങളും കണ്ടെത്തലുകളും വസ്തുതാപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുള്ളത്.

പ്രധാന പരാമർശങ്ങൾ

 ദുരന്ത നിവാരണ നിയമപ്രകാരം 2016 ലെ ദേശീയ ദുരന്ത നിവാരണ പദ്ധതിയിലുള്ള കേന്ദ്ര സർക്കാരിന്റെ ചുമതലകളെ അമിക്കസ് ക്യൂറി അവഗണിച്ചു.

 ഡാം മാനേജ്മെന്റും പ്രളയദുരിത നിവാരണവും ഒന്നാണെന്ന അമിക്കസ് ക്യൂറിയുടെ വിലയിരുത്തൽ തെറ്റാണ്.

 ഇറിഗേഷൻ വകുപ്പിന്റെയും കെ.എസ്.ഇ.ബിയുടെയും ചുമതലയിലുള്ള ഡാമുകൾ ജലസംഭരണം ലക്ഷ്യമിട്ടുള്ളതാണ്. ഇവയുടെ ഘടനയിൽ മാറ്റംവരുത്തി പ്രളയത്തെ ചെറുക്കാൻ കഴിയുന്ന തരത്തിലാക്കുകയെന്നത് അസാദ്ധ്യമാണ്.

 2017 നവംബറിൽ പ്രളയ - മണ്ണിടിച്ചിൽ സാദ്ധ്യതാ മേഖലയുടെ മാപ്പ് തയ്യാറാക്കി രാജ്യത്ത് ആദ്യമായി പ്രസിദ്ധീകരിച്ചിരുന്നു.

കേന്ദ്ര വാട്ടർ കമ്മിഷന്റെ ഡ്രിപ്പ് (ഡാം റീഹാബിലിറ്റേഷൻ ആൻഡ് ഇംപ്രൂവ്മെന്റ് പദ്ധതി) പ്രകാരമുള്ള നടപടികൾ സ്വീകരിച്ചു വരുന്നതിനിടെയാണ് പ്രളയമുണ്ടായത്. ലോകബാങ്കിന്റെ സഹായത്തോടെ 2020 നുള്ളിൽ പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

 നദീജല പ്രളയത്തെക്കുറിച്ച് മുന്നറിയിപ്പു നൽകാൻ കഴിയുന്ന സാങ്കേതിക സഹായത്തിന് നെതർലാൻഡുമായി ചർച്ച നടത്തിവരികയാണ്.

 1924 ലെയും 2018ലെയും പ്രളയങ്ങളെ താരതമ്യം ചെയ്യാനാവില്ലെന്ന് പറയുന്നത് ശരിയല്ല. കേന്ദ്ര ജലകമ്മിഷൻ ഇക്കാര്യം താരതമ്യം ചെയ്തിട്ടുണ്ട്.

 മൂന്ന് നാലു ദിവസം തുടർച്ചയായി പെയ്ത കനത്ത മഴയാണ് ദുരന്തം വിതച്ചതെന്നും ഇതിൽ റിസർവോയറിൽ നിന്ന് ജലം തുറന്നുവിട്ട നടപടിക്ക് ചെറിയ പങ്കാണുള്ളതെന്നും കേന്ദ്ര ജലകമ്മിഷൻ പറഞ്ഞിട്ടുണ്ട്.

 ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനമനുസരിച്ചുള്ള മഴയാണ് ലഭിച്ചതെങ്കിൽ ജലം സംഭരിക്കാൻ ഡാമുകൾക്ക് കഴിയുമായിരുന്നു.

 സർക്കാർ പ്രളയത്തെ ഫലപ്രദമായി നേരിട്ടുവെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടിട്ടുണ്ട്.