നെടുമ്പാശേരി: ഇന്റർനാഷണൽ സോളാർ അലയൻസിന്റെ ആഭിമുഖ്യത്തിൽ 40 രാജ്യങ്ങളുടെ അബാംസഡർ/ ഹൈക്കമ്മിഷണർമാർ സിയാൽ സൗരോർജ പദ്ധതി പ്രദേശം സന്ദർശിക്കും. ലോകത്തിലെ ആദ്യ സമ്പൂർണ സൗരോർജ വിമാനത്താവളം എന്ന നിലയിലാണ് മേയ് 22ന് ഇവർ വരുന്നത്. ഇന്ത്യയും ഫ്രാൻസും മുൻകൈയെടുത്ത് 2015ൽ രൂപവത്ക്കരിച്ച 74 രാജ്യങ്ങൾ അംഗമായ ആഗോള സംഘടനയാണ് ഇന്റർനാഷണൽ സോളാർ അലയൻസ് (ഐ.എസ്.എ). പരമാവധി രാജ്യങ്ങളിൽ സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കുക, മികച്ച മാതൃകകൾ അന്വേഷിക്കുക, ആയിരം കോടി ഡോളറിന്റെ ഫണ്ട് രൂപവത്ക്കരിക്കുക എന്നിവയാണ് ഐ.എസ്.എയുടെ ലക്ഷ്യങ്ങൾ.
സിയാൽ അധികൃതരുമായുള്ള ചർച്ചക്ക് ശേഷം പ്രധാന സൗരോർജ പ്ലാന്റ് സന്ദർശിക്കും. 2015 ഓഗസ്റ്റ് മുതൽ പൂർണമായും സൗരോർജത്താലാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തിക്കുന്നത്. വിപ്ലവകരമായ ആശയം നടപ്പിലാക്കിയതിന് 2018ൽ ഐക്യരാഷ്ട്ര സഭയുടെ പരമോന്നത പരിസ്ഥിതി പുരസ്‌ക്കാരമായ 'ചാമ്പ്യൻസ് ഒഫ് എർത്ത് ' ന് സിയാൽ അർഹമായി. നിലവിൽ എട്ട് പ്ലാന്റുകളിലായി 40 മെഗാവാട്ടിന്റെ മൊത്തം സ്ഥാപിതശേഷിയുണ്ട്. പ്രതിദിനം ശരാശരി 1.63 ലക്ഷം യൂണിറ്റ് വൈദ്യുതി ഇവ ഉത്പാദിപ്പിക്കുന്നു. 1.53 ലക്ഷം യൂണിറ്റാണ് സിയാലിന്റെ പ്രതിദിന ഊർജാവശ്യം. ഈജിപ്ത്, സെനഗൽ,നൈജീരിയ, ടാൻസാനിയ, നമീബിയ തുടങ്ങി 25 ആഫ്രിക്കൻ രാജ്യങ്ങളിലേയും ഫ്രാൻസ്, ബ്രസീൽ, ചിലി, ബൊളീവിയ, മലേഷ്യ,ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേയും അംബാസിഡർ/ഹൈക്കമ്മിഷണർമാരാണ് ബുധനാഴ്ച സിയാലിലെത്തുന്നത്.