പറവൂർ : പ്രളയത്തിൽ വീട് നഷ്ടമായവർക്ക് സഹകരണ വകുപ്പ് കെയർ ഹോം പദ്ധതിയിലൂടെ നിർമ്മിക്കുന്ന രണ്ടായിരം വീടുകളുടെ നിർമ്മാണം അന്തിമഘട്ടത്തിലാണെന്നും രണ്ടാം ഘട്ടത്തിൽ രണ്ടായിരം വീടുകൾ കൂടി നിർമ്മിക്കുമെന്നും സഹകരണ വകുപ്പ് മന്ത്രി കടകംപിള്ളി സുരേന്ദ്രൻ പറഞ്ഞു. വാവക്കാട് വള്ളാട്ടുതറ ലക്ഷ്മിക്ക് കെയർ ഹോം പദ്ധതിയിൽ താലൂക്ക് സഹകരണ ജീവനക്കാരുടെ സഹകരണ സംഘം നിർമ്മിച്ച വീടിന്റെ താക്കോൽദാനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി. ഫ്ലാറ്റ് സമുച്ചയങ്ങളായിട്ടാകും ഇത് നിർമ്മിക്കുക. ജില്ലകളിൽ അമ്പത് സെന്റ് ഭൂമി വിട്ടുതരുന്നതിന് റവന്യൂ വകുപ്പ് സമ്മതിച്ചിട്ടുണ്ട്. വി.ഡി. സതീശൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.വടക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസ്, ടി.ആർ. ബോസ്, എം.കെ. ബാബു, ടി.ആർ. സുനിൽ, കെ.പി. വിശ്വനാഥൻ തുടങ്ങിയവർ സംസാരിച്ചു.