കൊച്ചി : കായൽ ഗതാഗതം ആധുനികമാക്കുന്ന കൊച്ചി ജല മെട്രോ പദ്ധതിയുടെ ഭാഗമായി മൂന്ന് ബോട്ട് ടെർമിനലുകൾ നിർമ്മിക്കാൻ കരാർ നൽകി. 29.67 കോടി രൂപ ചെലവിലാണ്നിർമ്മിക്കുന്നത്.
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനാണ് പദ്ധതിയുടെ നിർവഹണ ചുമതല. മേരി മാതാ കൺസ്ട്രക്ഷൻ കമ്പനിക്കാണ് മൂന്നു ടെർമിനലുകളും നിർമ്മിക്കാൻ കരാർ ലഭിച്ചത്. കൊച്ചി ജല മെട്രോയുടെ ആദ്യഘട്ടത്തിൽ ഉൾപ്പെടുന്നതാണ് ഇവ. വൈറ്റില മൊബിലിറ്റി ഹബിനെയും ജില്ലാ ആസ്ഥാനവും ഐ.ടി കേന്ദ്രവുമായ കാക്കനാടിനെയുമാണ് ആദ്യഘട്ടത്തിൽ ബന്ധിപ്പിക്കുന്നത്.
. കാൽലക്ഷം ചതുരശ്രയടി വിസ്തീർണത്തിലാണ് വൈറ്റില ടെർമിനൽ നിർമ്മിക്കുക. ബോട്ടുകൾ വരാനും പോകാനും പാർക്ക് ചെയ്യാനുമുള്ള സൗകര്യങ്ങൾ ഒരുക്കും. . ജല മെട്രോയുടെ മൊത്തം പ്രവർത്തനങ്ങളുടെ കേന്ദ്രവും വൈറ്റിലയിൽ ഒരുക്കും.
ഹൈക്കോടതി, ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി, വൈപ്പിൻ, ബോൾഗാട്ടി ടെർമിനലുകളുടെ ടെൻഡർ നടപടികളും പുരോഗമിക്കുകയാണെന്ന് കൊച്ചി മെട്രോ അധികൃതർ അറിയിച്ചു. നാലു കമ്പനികളാണ് മൂന്നു ടെർമിനലുകളുടെ നിർമ്മാണത്തിന് ടെൻഡർ സമർപ്പിച്ചത്.
വിശദമായ ടെൻഡർ നടപടികളിലൂടെ ജല മെട്രോ പദ്ധതി യഥാർത്ഥ്യമാക്കുന്നതിൽ ഒരു ചുവട് മുന്നേറ്റമാണ് സാദ്ധ്യമായതെന്ന് കെ.എം.ആർ.എൽ മാനേജിംഗ് ഡയറക്ടർ എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു. സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിർമ്മാണം നടത്താൻ അനുമതി ലഭിച്ചുകഴിഞ്ഞു. നിർമ്മാണജോലികൾ ഉടൻ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.
കൊച്ചിയിലെ ജലപാതകൾ വികസിപ്പിച്ച് ശീതീകരിച്ചതും കൂടുതൽ വേഗതയിലും സഞ്ചരിക്കാൻ കഴിയുന്ന ബോട്ടുകൾ ഉപയോഗിക്കുന്ന പദ്ധതിയാണ് ജലമെട്രോ.
ടെർമിനലുകൾ ഇവ: വൈറ്റില, എരൂർ, കാക്കനാട്
വലിയ ടെർമിനൽ വൈറ്റിലയിൽ
ടെർമിനലിൽവാണിജ്യസ്ഥാപനങ്ങൾക്കുള്ള സ്ഥലവും