കൊച്ചി : വ്യാജരേഖ കേസ് പൊലീസ് അട്ടിമറിക്കുകയാണെന്ന് ആരോപിച്ചും കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്കെതിരായ രേഖകൾ വ്യാജമല്ലെന്ന് നിലപാടുത്തും എറണാകുളം - അങ്കമാലി അതിരൂപത അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ജേക്കബ് മനത്തോടത്തും സഹായമെത്രാൻമാരും എത്തിയതോടെ സീറോ മലബാർ സഭയിൽ തർക്കങ്ങൾ പൊട്ടിത്തെറിയിലെത്തി. വ്യാജരേഖ ചമച്ചതിന് അറസ്റ്റിലായ ആദിത്യയുടെ പിതാവ് സക്കറിയ വളവിയെ ഒപ്പമിരുത്തിയാണ് ജേക്കബ് മനത്തോടത്തും സഹായമെത്രാന്മാരും മാദ്ധ്യമങ്ങളെ കണ്ടത്.
ആദിത്യ വ്യാജരേഖ നിർമ്മിച്ചെന്ന് വിശ്വസിക്കുന്നില്ല. ഒരു ബിസിനസ് സ്ഥാപനത്തിൽ ജോലി ചെയ്തപ്പോൾ അവിടത്തെ കമ്പ്യൂട്ടറിൽ കണ്ട രേഖകളുടെ സ്ക്രീൻഷോട്ട് മാത്രമാണ് എടുത്തത്. അത് സഭയ്ക്ക് കൈമാറി. ക്രൂരമായ മർദ്ദനത്തിലൂടെ ആദിത്യയെക്കൊണ്ട് കുറ്റം സമ്മതിപ്പിക്കുകയായിരുന്നു. ഫാ. ടോണി കല്ലൂക്കാരൻ, ഫാ. പോൾ തേലക്കാട്ട് എന്നിവർ പ്രതികളാണെന്ന് പറയാൻ നിർദ്ദേശിച്ചെന്നും മനത്തോടം ആരോപിച്ചു.
രേഖകൾ വ്യാജമാണെന്ന് വിശ്വസിക്കുന്നില്ല. എന്നാൽ, കർദ്ദിനാൾ ഉൾപ്പെടെ ചില മെത്രാന്മാരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള കാര്യങ്ങളിൽ തനിക്ക് ബോദ്ധ്യമില്ല. ഇക്കാര്യം അന്വേഷണപരിധിയിൽ കൊണ്ടുവരണം. സത്യം പുറത്തുകൊണ്ടുവരാൻ ജുഡിഷ്യൽ അന്വേഷണമോ സി.ബി.ഐ അന്വേഷണമോ വേണം.
സ്ഥലം വില്പന ഇടപാടുകളിൽ പ്രതി സ്ഥാനത്തുള്ളവരാണ് വ്യാജരേഖ കേസിൽ ഗൂഢാലോചന നടത്തുന്നതെന്ന് വൈദികസമിതി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടൻ തുറന്നടിച്ചു. ഇവർ രചിച്ച തിരക്കഥയ്ക്കനുസരിച്ചാണ് പൊലീസ് പ്രവർത്തിക്കുന്നത്. മുഖ്യമന്ത്രി സ്ഥലത്തില്ലാത്ത സമയം കുറേ വൈദികരെ അറസ്റ്റ് ചെയ്യാനായിരുന്നു നീക്കം. സഭയിൽ ചിലർ വൻ ഗൂഢാലോചന നടത്തുന്നു. ഭൂമിയിടപാടുമായി ബന്ധപ്പെട്ട അഴിമതി പുറത്തുകൊണ്ടുവരാൻ ശ്രമിച്ച വൈദികരെ പ്രതികളാക്കാൻ പൊലീസ് ശ്രമിക്കുന്നതായി സംശയിക്കുന്നു.
ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ഓഡിറ്റ് രേഖകളും ആദായനികുതി ഓഫീസിന്റെ റിപ്പോർട്ടുമുള്ളപ്പോൾ കർദ്ദിനാളിനെതിരെ വ്യാജരേഖയുണ്ടാക്കേണ്ട ആവശ്യമില്ല. ഇത് രണ്ടും വ്യത്യസ്ത കേസുകളാണ്. വ്യാജരേഖാ കേസിനെ ഭൂമിയിടപാടുമായി ബന്ധപ്പെടുത്തുന്നത് കൃത്യമായ ലക്ഷ്യം വച്ചാണ്. സിനഡിന്റെ പരാതിയിൽ ബിഷപ്പ് മനത്തോടത്തും ഫാ.പോൾ തേലക്കാട്ടും പ്രതിയാക്കപ്പെട്ടതോടെ കേസ് റദ്ദാക്കാൻ കർദ്ദിനാളിന്റെ സത്യവാങ്മൂലം നൽകാമെന്ന് അറിയിച്ചു. ഇത് അട്ടിമറിക്കപ്പെടുകയും കേസിൽ കക്ഷിചേരാൻ മറ്റൊരാളെ ഏല്പിക്കുകയും ചെയ്തു. പരാതിയിൽ രേഖകൾ കർദ്ദിനാളിനെതിരായ ഗൂഢാലോചനയാണെന്ന് വരുത്തിയെന്നും അധികൃതർ വ്യക്തമാക്കി.
പൊലീസ് തുടർന്നും പീഡിപ്പിക്കുകയാണെങ്കിൽ ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങാനാണ് അതിരൂപതയുടെ തീരുമാനം.