കൊച്ചി: 'ആരുടെയെങ്കിലും പേരു പറഞ്ഞില്ലെങ്കിൽ കൊന്നുകളയുമെന്ന് തോന്നിയപ്പോൾ ഫാ. ടോണി കല്ലൂക്കാരനെന്ന് അവൻ പറഞ്ഞു. ടോണിയുടെ സാന്നിദ്ധ്യത്തിൽ പൊലീസ് ചോദ്യം ചെയ്‌തപ്പോൾ ഇക്കാര്യം നിഷേധിച്ചു. കൈകൂപ്പി മാപ്പ് പറഞ്ഞു. ഇന്നലെ ജയിലിലെത്തി കാണുമ്പോഴും ടോണിയച്ചനോട് മാപ്പ് പറയണമെന്ന് മാത്രമാണ് അവന് അപേക്ഷിക്കാനുണ്ടായിരുന്നത്'- വിതുമ്പലോടെ ആദിത്യയുടെ പിതാവ് സക്കറിയ വളവി പൊലീസിന്റെ പീഡനങ്ങൾ വിവരിച്ചു.
വ്യാജരേഖ കേസിൽ എറണാകുളം അതിരൂപതാ നേതൃത്വം നടത്തിയ പത്രസമ്മേളനത്തിലായിരുന്നു സക്കറിയയുടെ വെളിപ്പെടുത്തൽ. മൂന്നു ദിവസം ആദിത്യ ആലുവ ഡിവൈ.എസ്.പി ഓഫീസിൽ മർദ്ദനത്തിനിരയായി. ഉള്ളം കാലിൽ ചതവ് കാണാം. രണ്ടു വ്യക്തികളുടെ പേര് പറഞ്ഞാൽ വെറുതേ വിടാമെന്നായിരുന്നു വാഗ്ദാനം. അതിനു തയ്യാറാകാതെ വന്നതോടെ ക്രൂരമായി പീഡിപ്പിച്ചെന്നും പിതാവ് പറഞ്ഞു.
ആദിത്യയ്ക്കെതിരെ വ്യാജ തെളിവുകൾ പൊലീസ് ചമച്ചെന്ന് ഫാ. സണ്ണി കളപ്പുരയ്‌ക്കൽ വെളിപ്പെടുത്തി. ആദിത്യയുമായി ആദ്യം പിതാവിന്റെ കടയിലെത്തി കമ്പ്യൂട്ടറുകൾ പരിശോധിച്ചു. പിന്നീട് ഇതുമായി പൊലീസ് പോയി. കഴിഞ്ഞദിവസം ആദിത്യയെ കൂട്ടാതെ കടയിലെത്തിയ പൊലീസ് കമ്പ്യൂട്ടർ തിരികെവച്ചു. പിന്നീട് വീണ്ടുമെത്തി ഹാർഡ് ഡിസ്‌ക്കിൽ നിന്ന് രേഖകൾ കണ്ടെത്തിയെന്ന് അറിയിച്ചു. രേഖകൾ കമ്പ്യൂട്ടറിൽ പൊലീസ് വ്യാജമായി ക്രിയേറ്റ് ചെയ്യുകയായിരുന്നു.
ആദിത്യ വ്യവസായ ഗ്രൂപ്പിൽ ജോലി ചെയ്‌തിട്ടില്ലെന്നായിരുന്നു അന്വേഷണസംഘത്തിന്റെ വിശദീകരണം. എന്നാൽ സ്ഥാപനത്തിൽ നിന്നുള്ള വിടുതൽ സർട്ടിഫിക്കറ്റുണ്ടെന്ന് അതിരൂപത പി.ആർ.ഒ ഫാ. പോൾ കരേടൻ വ്യക്തമാക്കി. വ്യവസായ ഗ്രൂപ്പിലെ സെർവറിൽ നിന്ന് രേഖകൾ ലഭിച്ചെന്നായിരുന്നു ആദിത്യയുടെ ആദ്യമൊഴി.