കൊച്ചി: കീഴുദ്യോഗസ്ഥയെ പ്രണയാഭ്യർത്ഥനയാൽ ശല്യം ചെയ്തെന്ന പരാതിയെ തുടർന്ന് എറണാകുളം ശിവക്ഷേത്രം ദേവസ്വം ഓഫീസർ പി.എൻ.രാജീവിനെ കൊച്ചിൻ ദേവസ്വം ബോർഡ് സ്ഥലം മാറ്റി. ചൊവ്വര പുതിയേടം ക്ഷേത്രത്തിലേക്കാണ് മാറ്റം.

പ്രേമാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് ഇവരെ ഡ്യൂട്ടി മാറ്റി നൽകിയും ഉപദ്രവിച്ചു. രാപകലില്ലാതെ ഫോണിലും വാട്ട്സ്ആപ്പിലും സന്ദേശങ്ങൾ അതിരുവിട്ടപ്പോഴാണ് ഭർതൃമതിയായ യുവതി ബോർഡിന് പരാതി നൽകിയത്. ഇതേ തുടർന്ന് ദിവസങ്ങളായി ഓഫീസർ ഡ്യൂട്ടിയിലെത്തിയിരുന്നില്ല. യുവതിയുടെ പരാതി ബോർഡിന്റെ ഇന്റേണൽ സമിതിയുടെ പരിഗണനയ്ക്ക് വിട്ടു.

എറണാകുളം ശിവക്ഷേത്രത്തിന്റെ ചുമതല രവിപുരം ദേവസ്വം ഓഫീസർ എ.ആർ.രാജീവിന് നൽകിയിട്ടുണ്ട്. ഇദ്ദേഹം ഇന്നലെ തന്നെ ചുമതലയേറ്റു.

മുമ്പും സമാനമായ പരാതികളുണ്ടായിട്ടുണ്ടെങ്കിലും ബോർഡിലെ ഇടത് ജീവനക്കാരുടെ സംഘടനയുടെ നേതാവ് കൂടിയായ രാജീവിനെതിരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.

കഴിഞ്ഞ വർഷം മേലധികാരിയായ യുവതിയെ യോഗത്തിൽ വച്ച് മൈക്കിലൂടെ പരസ്യമായി ആക്ഷേപിച്ചതിനും ഭർത്താവിനെതിരെ വധഭീഷണി മുഴക്കിയതിനും തൃപ്പൂണിത്തുറ പൊലീസ് ഇയാൾക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

വളഞ്ഞമ്പലം ക്ഷേത്രത്തിൽ പ്രശസ്ത സംഗീതജ്ഞൻ കൂടിയായ ഭക്തനെ അവഹേളിച്ചതായും പരാതി ഉയർന്നിരുന്നു.