കൊച്ചി : രാഷ്ട്രീയ കൊലപാതകമെന്ന് എഫ്.ഐ.ആറിൽ വിലയിരുത്തിയ പെരിയയിലെ ഇരട്ട കൊലക്കേസ് പിന്നീടെങ്ങനെയാണ് വ്യക്തിവൈരാഗ്യത്തെ തുടർന്നുള്ള കൊലപാതകമായി മാറിയതെന്ന് ഹൈക്കോടതി വാക്കാൽ ചോദിച്ചു. പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷ്, ശരത് ലാൽ എന്നിവരെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി സജി സി. ജോർജ്, ഒമ്പതാം പ്രതി മുരളി, പത്താം പ്രതി രഞ്ജിത്ത് എന്നിവർ നൽകിയ ജാമ്യ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ ചോദ്യം.
ഒന്നാം പ്രതിയും സി.പി.എം നേതാവുമായ പീതാംബരനെ കൊല്ലപ്പെട്ടവരിലൊരാൾ ആക്രമിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്നാണ് പ്രതികൾ ഇവരെ കൊന്നതെന്ന് പ്രോസിക്യൂഷൻ ബോധിപ്പിച്ചു. ഒരാളോടു മാത്രമാണ് വൈരാഗ്യമെങ്കിൽ രണ്ടുപേരെയും കൊന്നതെന്തിനാണ്? മറ്റേയാളെ ആട്ടിപ്പായിക്കുകയല്ലേ പതിവ് ? - കോടതി ചോദിച്ചു.
ഹൈക്കോടതി അന്വേഷണ സംഘത്തിന് നൽകിയ നിർദ്ദേശപ്രകാരം കേസ് ഡയറി ഇന്നലെ ഹാജരാക്കി. ഒന്നും രണ്ടും നാലും അഞ്ചു പ്രതികൾ ചേർന്നാണ് കൃപേഷിനെയും ശരത് ലാലിനെയും ആക്രമിച്ചു കൊന്നതെന്നും ഇവർ സഞ്ചരിച്ച വാഹനത്തിൽ നിന്ന് രക്ത സാമ്പിളുകൾ ലഭിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
ബസ് സ്റ്റാൻഡിൽ വച്ചാണ് ആക്രമണത്തിന് ഗൂഢാലോചന നടത്തിയതെന്നും പ്രോസിക്യൂഷൻ വിശദീകരിച്ചു. ആയുധങ്ങളിൽ നിന്നും പ്രതികൾ സഞ്ചരിച്ച കാറിൽ നിന്നും വിരലടയാളം ശേഖരിച്ചില്ലെന്ന് പ്രതികൾ പറയുന്നത് സത്യമാണോയെന്ന് കോടതി ആരാഞ്ഞു. തങ്ങളെ കള്ളക്കേസിൽ കുടുക്കിയതാണെന്നും അന്വേഷണം തൃപ്തികരമല്ലെന്നും പ്രതികൾ പറയുന്നു. ഹർജിയിൽ കൊല്ലപ്പെട്ടവരുടെ മാതാപിതാക്കളെക്കൂടി കക്ഷി ചേർക്കേണ്ടതല്ലേയെന്നും കോടതി വാക്കാൽ ചോദിച്ചു. ഹർജിക്കാർ ഇതിനെ എതിർത്തു. കേസ് ഡയറി ഉൾപ്പെടെ പരിശോധിക്കാനായി ഹർജി 28 ലേക്ക് മാറ്റി.